തിരുവനന്തപുരം: മുട്ടത്തറ വില്ലേജിലെ ബലവാൻ നഗറിന് സമീപമുള്ള തോട് സ്വകാര്യ വ്യക്തികൾ കെട്ടി അടയ്ക്കുന്നതായി പരാതി. തോട്ടം ശ്രീ ഇരുംകുളങ്ങര ക്ഷേത്രത്തിലെ കുളത്തിൽ നിന്നുള്ള വെള്ളം ഒഴുകി പോകുന്നത് ഇൗ തോട്ടിലൂടെയാണ്. കൂടാതെ ബലവാൻ നഗറിലെ നൂറുകണക്കിന് വീടുകളിലെ മഴവെള്ളം ഒഴുകിപ്പോകുന്നത് ഇൗ ചെറിയ കൈതോട് വഴിയാണ്.

അനധികൃത കൈയേറ്റം തടയണമെന്ന് ആവശ്യപ്പെട്ട് കരിയിൽതോട് കനാൽ സംരക്ഷണ സമിതി തിരുവനന്തപുരം ജില്ലാകളക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. കരിയിൽതോട് കനാൽ സംരക്ഷണ സമിതി ഭാരവാഹികളായ പ്രസിഡന്റ് പൂവങ്ങൽ ഗണേഷ്, സെക്രട്ടറി എച്ച്. നാഗപ്പൻ, രക്ഷാധികാരി എ. മാഹീൻ തുടങ്ങിയവർ ബന്ധപ്പെട്ട് മൈനർ ഇറിഗേഷൻ അധികൃതരോട് അടിയന്തരമായി തോട് കൈയേറ്റം തടയണമെന്ന് അഭ്യർത്ഥിക്കുന്നു.