തിരുവനന്തപുരം: പ്രകൃതിയുടെ മണിച്ചെപ്പിൽ നിന്ന് ഗ്രാമീണ സൗന്ദര്യമൂറുന്ന ഗാനങ്ങൾ കൊണ്ട് മലയാളികളുടെ മനം കവർന്ന ഗാനരചയിതാവ് പൂവച്ചൽ ഖാദർ(72 ) ഓർമ്മയായി. കൊവിഡ് ബാധിതനായി മെഡിക്കൽ കോളേജ് ആശുപത്രി ഐ.സി.യുവിൽ കഴിഞ്ഞിരുന്ന അദ്ദേഹം ഇന്ന് വെളുപ്പിന് 12.30യോടെയാണ് മരിച്ചത്. തിരുമല,അരയല്ലൂരിലെ ഗീതകം വീട്ടിലായിരുന്നു താമസം. സംസ്കാരം ഇന്ന് നടക്കും.
മലയാള സിനിമയിൽ പാട്ടെഴുത്തിൻെറ 54 വർഷങ്ങൾ പിന്നിട്ട പൂവച്ചൽ 400 ലധികം സിനിമകൾക്കായി 1200 ഗാനങ്ങളാണ് രചിച്ചത്. ആര്യനാട് ഹൈസ്കൂളിൽ പഠിക്കുമ്പോൾ കൈയെഴുത്ത് മാസികയിൽ കവിത എഴുതിക്കൊണ്ടായിരുന്നു തുടക്കം. തൃശൂർ വല്ലപ്പാട് ഗവ. പോളിടെക്നിക്, തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ് എന്നിവിടങ്ങളിൽ പഠനം കഴിഞ്ഞ് പി.ഡബ്ളിയു.ഡിയിൽ ഒാവർസിയറായി. വിജയനിർമല സംവിധാനം ചെയ്ത 'കവിത' എന്ന സിനിമയിലൂടെയാണ് ചലച്ചിത്രഗാനരംഗത്ത് തുടക്കം കുറിച്ചത് . ആദ്യം എഴുതിയത് ‘കാറ്റ്വിതച്ചവൻ’ എന്ന സിനിമക്ക് വേണ്ടിയാണ്. ബ്ളാക്ക് ആൻഡ് വൈറ്റ് കാലത്തെ സിനിമയിൽ നിന്ന് തുടങ്ങിയ ജീവിതം കാലഘട്ടങ്ങളിലൂടെയാണ് കടന്ന് വന്നത്. ബാലചന്ദ്രമേനോന്റെ 'ഞാൻ സംവിധാനം ചെയ്യും' എന്ന സിനിമയ്ക്കും 'പൂട്ട് 'എന്ന സിനിമയ്ക്കുമാണ് അവസാനമായി ഗാനം രചിച്ചത്. സ്വയംവരത്തിനു പന്തലൊരുക്കി, നമുക്കു നീലാകാശം,അക്കരെ പോകാൻ, കളിവീണ, പാടുവാൻ പഠിക്കുവാൻ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ അമീന, മക്കൾ:തുഷാര (അദ്ധ്യാപിക), പ്രസൂന.