കഴിഞ്ഞദിവസം ഫാദേഴ്സ് ഡേ ദിനത്തിൽ സിനിമാ താരങ്ങളും ആശംസകളുമായി സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. അതിനിടയിൽ വ്യത്യസ്തമായ ഒരു ഫോട്ടോ പോസ്റ്റ് ചെയ്ത് ഫാദേഴ്സ് ഡേ ആശംസകൾ നേർന്നിരിക്കുകയാണ് ദുൽഖർ സൽമാൻ. ദുൽഖറിന്റെ മകൾ മറിയത്തിന് മമ്മൂട്ടി മുടി കെട്ടി കൊടുക്കുന്ന ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് ദുൽഖറിന്റെ ഫാദേഴ്സ് ഡേ ആശംസകൾ വന്നിരിക്കുന്നത്. ക്യാപ്ഷൻ വേണ്ടാത്ത ചിത്രം, ചില ചിത്രങ്ങൾ ആയിരം വാക്കുകൾ സംസാരിക്കും, എന്റെ ഏറ്റവും വലിയ സന്തോഷം തുടങ്ങിയ ഹാഷ് ടാഗുകൾ ഉപയോഗിച്ചാണ് ദുൽഖർ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സോഫയിൽ മുണ്ടും ഷർട്ടും ധരിച്ച് നീളൻ മുടി പുറകിൽ കെട്ടി കണ്ണട വച്ചാണ് മമ്മൂട്ടി കൊച്ചുമകൾക്ക് മുടി കെട്ടി കൊടുക്കുന്നത്. മറിയം ആകട്ടെ മുടി കെട്ടുന്നത് ആസ്വദിച്ച് താഴെ കസേരയിൽ ഇരുന്ന് എന്തോ കുടിക്കുകയാണ്. ദുൽഖറിന്റെ പോസ്റ്റിനടിയിൽ വലിയ ഒരു താരനിര തന്നെയാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. സൗബിൻ ഷാഹിർ, സാനിയ ഇയ്യപ്പൻ, നിഖില വിമൽ എന്നിവരും സംവിധായകൻ റോഷൻ ആൻഡ്രൂസും ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.