road

ആലക്കോട്: സ്ഥലത്തെ ചൊല്ലിയുള്ള വിവാദങ്ങളിൽ കുരുങ്ങിയ കരുവൻചാൽ-വെള്ളാട് റോഡ് നവീകരണം ഇനിയെങ്കിലും നടപ്പാകുമെന്ന പ്രതീക്ഷയിലാണ് മലയോരം. 3 കിലോ മീറ്റർ റോഡ് മെക്കാഡം ടാറിംഗ് നടത്താൻ 8 വർഷം മുമ്പ് 3.5 കോടി രൂപ അനുവദിച്ചിരുന്നു. കരുവൻചാൽ ആശുപത്രി, കണിയാൻചാൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, വൈതൽമല ഇക്കോ ടൂറിസ്റ്റ് കേന്ദ്രം, പാലക്കയംതട്ട് ടൂറിസ്റ്റ് കേന്ദ്രം എന്നിവിടങ്ങളിലേക്കെല്ലാം എത്താനും, വെള്ളാട്, മാവുംചാൽ, ആശാൻകവല, പാത്തൻപാറ തുടങ്ങിയ കുടിയേറ്റ മേഖലയിലെ ആയിരക്കണക്കിനാളുകൾക്കും ഉപകാര പ്രദമാകുന്ന റോഡ് നിർമ്മാണം ആരംഭിച്ചെങ്കിലും ഒരു വിഭാഗം തടസപ്പെടുത്തുകയായിരുന്നു.

കരുവൻചാൽ ടൗൺ മുതൽ വെള്ളാട് ക്രിസ്ത്യൻ പള്ളി വരെയുള്ള ഭാഗത്ത് റോഡിനാവശ്യമുള്ള വീതിയിൽ സ്ഥലം വിട്ടുകൊടുക്കുവാൻ ഭൂവുടമകൾ തയ്യാറായില്ല. ഇതേ തുടർന്ന് രാഷ്ട്രീയ പാർട്ടി നേതാക്കൾ പലതവണ ചർച്ച നടത്തിയെങ്കിലും പ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞില്ല. തർക്കം നീണ്ടുപോയാൽ റോഡ് നിർമ്മാണം മുടങ്ങുമെന്ന ഘട്ടമെത്തിയപ്പോൾ തർക്ക പ്രദേശങ്ങളൊഴിവാക്കി ബാക്കിയുള്ള 2 കിലോ മീറ്റർ ദൂരം ആദ്യം പണിയാമെന്ന ധാരണയിൽ അത്രയും ഭാഗത്തെ നിർമ്മാണം കരാറുകാർ പൂർത്തിയാക്കി. പക്ഷേ, തർക്കം പരിഹരിക്കുന്നതിന്റെ ലക്ഷണമൊന്നും കാണാത്തതിനാൽ കരാറുകാർ പണി ഉപേക്ഷിക്കുകയായിരുന്നു.
കരുവൻചാൽ ടൗണിൽ റോഡ് തുടങ്ങുന്ന ഭാഗം മുതൽ വീതി കുറവാണ്. ഇരുഭാഗത്തുമുള്ള വ്യാപാര സ്ഥാപനങ്ങൾക്ക് നഷ്ടമുണ്ടാകുമെന്നതും സ്ഥലം ഉടമകൾ നിർമ്മിച്ച മതിൽ പൊളിച്ചുമാറ്റുമ്പോൾ പകരം പുതിയ മതിൽ സർക്കാർ നിർമ്മിക്കണമെന്നുമുള്ള തർക്കങ്ങൾക്ക് പരിഹാരമുണ്ടാകാത്തതാണ് ഇപ്പോഴുള്ള പ്രശ്‌നം. ഒരു വർഷം മുമ്പ് ഈ റോഡ് നിർമ്മാണത്തിനായി സംസ്ഥാന സർക്കാർ തുക അനുവദിച്ചെങ്കിലും പിന്നീട് ഒന്നും നടന്നില്ല. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച അഡ്വ. സജീവ് ജോസഫ് താൻ വിജയിച്ചാൽ റോഡ് പൂർത്തിയാക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. കാൽനട യാത്ര പോലും അസാദ്ധ്യമായ ഈ റോഡിന്റെ നിർമ്മാണം എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. മഴക്കാലമായതോടെ റോഡിന്റെ അവസ്ഥ പരമ ദയനീയമാണ്.