kadalpalam

തലശ്ശേരി: തലശ്ശേരി ടൂറിസത്തിന്റെ മുഖമായ കടൽപ്പാലം വരുന്ന കാലവർഷത്തെ അതിജീവിക്കുമോ എന്നാണ് ജനങ്ങളുടെ ചോദ്യം ? എല്ലും തോലുമായി ക്കിടക്കുന്ന,​ ചരിത്രത്തിലേക്കുള്ള ഈ പാലം പ്രക്ഷുബ്ധമായ കടലിൽ ഇത്രയും കാലം എങ്ങനെ നിലനിന്നുവെന്നത് തന്നെ വിസ്മയമാണ്. അതിശക്തമായ തിരമാലകൾ കടൽപ്പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള കരകളെ കവർന്നെടുക്കുമ്പോഴും ചരിത്ര സാക്ഷിയായി പാലം നിലനിന്നത് പ്രകൃതിയുടെ കാരുണ്യം കൊണ്ട് മാത്രമാണ്. തൊട്ടടുത്ത പഴയ മീൻ മാർക്കറ്റും, ജവഹർഘട്ടുമെല്ലാം ഇന്ന് കടലിനടിയിലായി.
കടൽപ്പാലത്തിന്റെ സംരക്ഷണത്തിനായുള്ള മുറവിളി കേൾക്കാൻ തുടങ്ങിയിട്ട് ദശകങ്ങളായി. അടുത്ത കാലത്ത് പാലം അടച്ചിടും വരെ നൂറു കണക്കിനാളുകളാണ് സായന്തനങ്ങളിൽ അസ്തമയ സൂര്യന്റെ വർണ്ണ ഭംഗി ആസ്വദിക്കാനും, കടൽക്കാഴ്ചകൾ കാണാനും, നേരം കൊല്ലാനുമൊക്കെയായി ഇവിടെ എത്തിച്ചേർന്നിരുന്നത്. പ്രതാപകാലത്ത് ഉണ്ടായിരുന്ന കൂറ്റൻ ക്രെയിനുകളും റെയിലും മറ്റും ഭാരം കുറക്കാൻ വേണ്ടിയും സുരക്ഷയ്ക്ക് വേണ്ടിയും എടുത്ത് മാറ്റിയിരുന്നു. പാലത്തിന്റെ കരയിലുള്ള ഇരുവശങ്ങളിലും നിരനിരയായി പഴക്കമേറിയ പാണ്ടികശാലകളുടെ കൂറ്റൻ കെട്ടിടങ്ങൾ ഇന്നും തലയുയർത്തി നിൽപ്പുണ്ട്. ഇതിലൂടെ, തീരദേശ റോഡിലൂടെയുള്ള യാത്ര ഏതോ പുരാതന നഗരത്തിലെത്തിയ അനുഭൂതിയാണ് യാത്രികനിലുണ്ടാക്കുക.
പൈതൃകനഗരമായ തലശ്ശേരിയുടെ ചരിത്ര ഗാഥയിൽ ഏറെ പ്രാധാന്യമുള്ള നിർമ്മിതിയാണ് കടൽപ്പാലം. 1910 ഇൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി വാണിജ്യാവശ്യങ്ങൾക്കായി സ്ഥാപിച്ച കടൽപ്പാലം പിന്നീട് തലശ്ശേരിയുടെ വികസനത്തിലും, കുതിപ്പിലും സാംസ്‌കാരികമായ ഉന്നമനത്തിലും വലിയ പങ്കാണ് വഹിച്ചിട്ടുള്ളത്. തലശ്ശേരി പട്ടണത്തിൽ നിന്നും അറബിക്കടലിലേക്ക് നൂറ് മീറ്ററോളം നീണ്ടുകിടക്കുന്ന കടൽപാലം ഒരുകാലത്ത് കുരുമുളകും, മത്സ്യവും കാപ്പിയും മരത്തടിയും മറ്റും കയറ്റുമതി ചെയ്യുന്നതിനും, സാമ്പത്തികമായും സംസ്‌കാരികമായും തലശ്ശേരി നേടിയെടുത്ത പുരോഗതിക്ക് സാക്ഷ്യം വഹിച്ചിരുന്നു.
നിലവിൽ തൂണുകളും മറ്റും ദ്രവിച്ച് അപകടവസ്ഥയിൽ നിൽക്കുന്ന പാലം കേരള മാരിടൈം ബോർഡിന്റെ നേതൃത്വത്തിൽ എഫ്.ആർ.പി. (ഫൈബർ റിയിൻഫോഴ്‌സ്ഡ് പോളിമർ ) സാങ്കേതികവിദ്യ ഉപയോഗിച്ചു കൊണ്ട് ബലപ്പെടുത്തി നവീകരിച്ച് നാടിനു സമർപ്പിക്കുവാനുള്ള പദ്ധതിയുടെ ആദ്യഘട്ടനടപടികൾ ഉണ്ടായെങ്കിലും തുടർ പ്രവർത്തനം നടന്നില്ല. ഇത്തരം നിർമ്മാണങ്ങൾ ബലപ്പെടുത്തി മനോഹരമാക്കുന്നതിൽ വിദഗ്ദ്ധരായവർ മുംബൈയിൽ നിന്നുമെത്തി സൈറ്റ് ഇൻവെസ്റ്റിഗേഷനും മറ്റു നടപടികളും പൂർത്തിയാക്കിയിരുന്നു.
വളരെ വേഗത്തിൽ തന്നെ പണി പൂർത്തിയാക്കി ഈ തലശ്ശേരി പെരുമ കൂടുതൽ സുന്ദരമായി ജനങ്ങൾക്ക് ആസ്വദിക്കാൻ സാധിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നുവെങ്കിലും, ഉറപ്പ് പാലിക്കപ്പെടും വരെ പാലത്തിന് ഉറപ്പുണ്ടാകുമോയെന്ന് ആർക്കും പറയാനാവില്ല. പാലത്തിന്റെ ദ്രവിച്ച തൂണുകൾ, അതിശക്തമായ തിരമാലകളിൽ നിന്നും പാലത്തെ സംരക്ഷിച്ച് നിർത്തുന്നത് തന്നെ അത്ഭുതകരമാണ്. പാലം കടലിലേക്ക് അമർന്ന് പോയാൽ, പൈതൃക സംരക്ഷണത്തിന് ഏറെ പ്രാധാന്യം കൽപ്പിക്കുന്ന ഭരണാധികാരികൾക്ക് വരും തലമുറയോടടക്കം മറുപടി പറയേണ്ടി വരും.