sujitha

ബാലതാരമായി സിനിമയിലെത്തി പിന്നീട് നായികയായി മാറിയ നിരവധി നടിമാർ മലയാളത്തിലുണ്ട്. എന്നാൽ, അവരിൽ നിന്നെല്ലാം അൽപ്പം വേറിട്ടൊരു കഥയാണ് നടി സുജിതയ്ക്ക് പറയാനുള്ളത്. ജനിച്ച് നാൽപ്പത്തിയൊന്നാം ദിവസമാണ് സുജിത ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. 'അബാസ്' എന്ന ചിത്രത്തിൽ കെ.ആർ.വിജയയുടെ പേരക്കുട്ടിയായാണ് സുജിത ആദ്യം സ്‌ക്രീനിലെത്തിയത്. പിന്നീട് തമിഴിലും മലയാളത്തിലും തെലുങ്കിലുമായി നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു. മുന്താണി മുടിച്ചു, പിരിയില്ല നാം എന്നീ ചിത്രങ്ങൾ അതിൽ ചിലതു മാത്രം. അതിൽ 'പൂവിന് പുതിയ പൂന്തെന്നൽ' എന്ന ഫാസിൽ ചിത്രത്തിൽ അമ്മയുടേതുൾപ്പെടെ കൊലപാതകങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടിവന്ന ഊമയായ ആൺകുട്ടിയെ ആരും മറക്കാനിടയില്ല. നാൽപ്പതോളം ചിത്രങ്ങളിലാണ് സുജിത ബാലതാരമായി അഭിനയിച്ചത്. മികച്ച ബാലതാരത്തിനുള്ള ആന്ധ്രാപ്രദേശ് സർക്കാരിന്റെ പുരസ്‌കാരം രണ്ടു തവണയാണ് സുജിത സ്വന്തമാക്കിയത്. പിന്നീട് നായികാവേഷങ്ങളിലേക്കും സഹനടി വേഷങ്ങളിലേക്കും അവർ ചുവടുമാറി. മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ ഭാഷകളിലായി നൂറോളം സിനിമകളിൽ സുജിത ഇതിനകം അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിൽ ഇപ്പോൾ സജീവമാണ് സുജിത. സംവിധായകൻ സൂര്യ കിരണിന്റെ സഹോദരിയാണ് സുജിത. തന്റെ കരിയറിൽ ഏറെ സ്വാധീനം ചെലുത്തിയ വ്യക്തിയാണ് സഹോദരനെന്ന് പല അഭിമുഖങ്ങളിലും സുജിത പറഞ്ഞിട്ടുണ്ട്. സൂര്യ കിരണും ബാലതാരമായി സിനിമയിൽ തുടക്കം കുറിച്ചയാളാണ്. സഹോദരനും അമ്മയ്ക്കുമൊപ്പം ലൊക്കേഷനിലേക്കുള്ള യാത്രകളാണ് തന്നെയും സിനിമയിൽ എത്തിച്ചതെന്നാണ് സുജിത പറയുന്നത്. പരസ്യസംവിധായകനായ ധനുഷാണ് സുജിതയുടെ ഭർത്താവ്.