
ഒരമ്മയുടെ കണ്ണീരിനു മുന്നിൽ തലകുനിച്ച് മാപ്പപേക്ഷിക്കുകയാണ് കേരളം. കടയ്ക്കാവൂർ സ്റ്റേഷനിലെ ഏതാനും പൊലീസുകാരുടെ എടുത്തുചാട്ടത്തിലാണ് നാല് കുട്ടികളുടെ അമ്മയായ 37കാരി ജയിലിലായത്. 13 വയസുള്ള സ്വന്തം മകനെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നായിരുന്നു കേസ്. ഭാര്യയെ കേസിൽ കുടുക്കാൻ കുട്ടിയെക്കൊണ്ട് ഭർത്താവ് കള്ളമൊഴി നൽകിച്ചെന്ന് ഉന്നതഉദ്യോഗസ്ഥരുടെ അന്വേഷണത്തിൽ കണ്ടെത്തിയത് പൊലീസിനാകെ നാണക്കേടായി. മന:ശാസ്ത്ര വിദഗ്ദ്ധരുടെയും ഡോക്ടർമാരുടെയും സഹായത്തോടെ കുട്ടിയുടെ മൊഴി കളവാണെന്ന് കണ്ടെത്തുകയായിരുന്നു. പിതാവ് മർദ്ദിച്ചാണ് ഇങ്ങനെയൊരു മൊഴി നൽകിച്ചതെന്ന് ഇളയ കുട്ടി അന്നേ വെളിപ്പെടുത്തിയെങ്കിലും പൊലീസ് വകവച്ചിരുന്നില്ല. പതിനേഴും പതിനൊന്നും പതിമൂന്നും വയസുള്ള 3 ആൺമക്കളും 6 വയസുള്ള മകളുമാണ് ഈ അമ്മയ്ക്കുള്ളത്.
കുട്ടിക്ക് മാതാവ് ചില മരുന്നുകൾ നൽകിയിരുന്നതായും ലൈംഗിക ചൂഷണത്തിന്റെ തെളിവുകൾ മാതാവിന്റെ മൊബൈലിൽനിന്ന് കിട്ടിയെന്നുമെല്ലാം പൊലീസിന്റെ വാക്ക് വിശ്വസിച്ച് ഹൈക്കോടതിയിൽ സർക്കാർ നിലപാടെടുത്തെങ്കിലും അത് വിശ്വസിക്കാതെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി. ഷെർസി കൈക്കൊണ്ട ധീരമായ നിലപാടാണ് ആ അമ്മയ്ക്ക് നീതി ലഭിക്കാൻ വഴിയൊരുക്കിയത്. അമ്മയ്ക്കെതിരെ 13 വയസുള്ള മകൻ നൽകിയ പരാതിയിൽ പ്രാഥമികാന്വേഷണം നടത്താതെയും ആധികാരികത ഉറപ്പാക്കാതെയുമാണ് പൊലീസ് നടപടിയെടുത്തതെന്ന് ഉറപ്പിച്ചു പറഞ്ഞ ഹൈക്കോടതി, അമ്മയ്ക്ക് ജാമ്യം അനുവദിക്കുകയും പൊലീസിന്റെ വീഴ്ചകൾ എണ്ണമിട്ടു നിരത്തുകയും ചെയ്തു. നേരത്തേ പൊലീസിന്റെ വാദങ്ങൾ വിശ്വസിച്ച തിരുവനന്തപുരം പോക്സോ കോടതി കേസ് വിശ്വസനീയമാണെന്ന് നിലപാടെടുത്തിരുന്നു.
യുവതിയുമായുള്ള വിവാഹബന്ധം വേർപെടുത്താതെ മൂന്നു വർഷമായി ഭർത്താവ് അകന്നു കഴിയുകയാണെന്നും, മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചതറിഞ്ഞ് ജീവനാംശം തേടി കോടതിയെ സമീപിച്ചതാണ് പോക്സോ കേസിൽ കുടുക്കാൻ കാരണമെന്നും ബന്ധുക്കളെല്ലാം ഒരേസ്വരത്തിൽ പറഞ്ഞിട്ടും പൊലീസ് ചെവിക്കൊണ്ടില്ല. ചൈൽഡ് വെൽഫെയർ കമ്മിറ്റി അദ്ധ്യക്ഷ എൻ.സുനന്ദയെ വാദിയാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിൽ പിഴവില്ലെന്ന് പൊലീസ് വിശദീകരിച്ചെങ്കിലും, വിവരം പൊലീസിനെ അറിയിച്ചത് ശിശുക്ഷേമ സമിതിയല്ലെന്ന് സുനന്ദ നിലപാടെടുത്തപ്പോൾ തന്നെ കേസിന്റെ ഗതി വ്യക്തമായിരുന്നു. പിന്നീടാണ് ഹൈക്കോടതിയുടെ ചരിത്രപരമായ ഇടപെടലുണ്ടായത്.
മകനെ അമ്മ പീഡിപ്പിച്ചെന്ന കേസിൽ പൊലീസ് വീഴ്ചകൾ എണ്ണിപ്പറഞ്ഞ ഹൈക്കോടതി ഉത്തരവ് പൊലീസിന് വൻതിരിച്ചടിയായി മാറി. സമൂഹത്തെയും ജുഡീഷ്യറിയേയും ഞെട്ടിക്കുന്ന പരാതി അമ്മക്കെതിരെ 13കാരൻ നൽകിയപ്പോൾ കേസെടുക്കാൻ അന്വേഷണസംഘം എടുത്തുചാടി. അമ്മയുടെ കേസും പരാതികളും മറികടക്കാൻ കുട്ടിയെക്കൊണ്ട് പരാതി പഠിപ്പിച്ച് പറയിപ്പിച്ചതാണോയെന്ന് അന്വേഷിച്ചില്ല. പരാതി ലഭിച്ചയുടൻ അന്വേഷണ ഉദ്യോഗസ്ഥൻ കുട്ടിയെ ശിശുക്ഷേമ സമിതിയിൽ ഹാജരാക്കി. കൗൺസിലറും ജില്ലാ ശിശു സംരക്ഷണ ഓഫീസറും കൗൺസിലിംഗ് നടത്തി സമിതി ചെയർമാന് റിപ്പോർട്ട് നൽകി. പത്ത് ദിവസമെങ്കിലും താമസിപ്പിച്ച് കൗൺസിലിംഗ് നടത്തേണ്ടതിന് പകരം രണ്ട് ദിവസത്തിന് ശേഷം നൽകിയ റിപ്പോർട്ട് പ്രകാരമാണ് കേസെടുത്തത്. കുട്ടി പരാതിയിൽ ഉറച്ചുനിൽക്കുന്നെന്ന വാദം ശരിയല്ല. കൂടുതൽ കാര്യങ്ങൾ മജിസ്ട്രേറ്റിനോടും ഡോക്ടറോടും കുട്ടി പറഞ്ഞിട്ടുണ്ട്. ഡോക്ടറുടെ പരിശോധനയിൽ കുട്ടിയുടെ ശരീരത്തിൽ അസാധാരണമായ ഒന്നും കണ്ടെത്തിയിട്ടില്ല. കുട്ടിയുടെ സഹോദരന്റെ പോക്കറ്റിൽ നിന്ന് ഒഴിഞ്ഞ മരുന്ന് പാക്കറ്റ് കിട്ടിയെന്ന പേരിൽ മനുഷ്യത്വരഹിതമായി പെരുമാറാൻ മരുന്നുകൾ അമ്മ നൽകിയെന്ന് കരുതാനാവില്ല. കുടുംബ കോടതിയിൽ പരാതി നിലനിൽക്കെയാണ് 2019 ഡിസംബർ 10 ന് ഭർത്താവും ഒപ്പം താമസിക്കുന്ന സ്ത്രീയും മക്കളെ ബലമായി കൊണ്ടുപോയത്. അഞ്ചാം ക്ലാസിൽ പഠിച്ചിരുന്ന കുട്ടിയെ ഷാർജയിൽ എത്തിച്ചപ്പോഴാണ് അമ്മ പീഡിപ്പിച്ചതായി അറിയിച്ചതെന്ന് ഭർത്താവ് പറയുന്നു. പരാതി നൽകിയത് 2020 നവംബർ 10 നാണ്. പരാതി വൈകിയതിനെക്കുറിച്ച് പൊലീസ് അന്വേഷിച്ചതായി കേസ് ഡയറിയിലില്ല. ഭർത്താവിനെതിരെ ജമാഅത്ത് കമ്മിറ്റിക്ക് 2019 ഏപ്രിലിലും ആറ്റിങ്ങൽ ഡിവൈ.എസ്.പിക്ക് ഒക്ടോബർ എട്ടിനും ഹർജിക്കാരി പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ലെന്നും ഹൈക്കോടതി കണ്ടെത്തി.
ഇതാണ് ആ കേസ്
2020 ഡിസംബർ 22നാണ് പതിമൂന്നുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ മാതാവിനെ കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വന്തം മകനെ പീഡിപ്പിച്ചുവെന്ന കേസിൽ സംസ്ഥാനത്ത് തന്നെ ഒരമ്മ അറസ്റ്റിലാകുന്ന ആദ്യത്തെ കേസ് കൂടിയായിരുന്നു ഇത്. കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ പിണക്കത്തിലായിരുന്നു. അമ്മയുടെ സംരക്ഷണയിലായിരുന്നു കുട്ടി കഴിഞ്ഞുവന്നത്. അച്ഛൻ രണ്ടാം വിവാഹം കഴിച്ച് ഗൾഫിലേക്ക് പോകുകയും ചെയ്തിരുന്നു. അച്ഛനൊപ്പം ഗൾഫിൽ പോയിരുന്ന കുട്ടി തിരികെ വന്നശേഷമാണ് അമ്മ പീഡിപ്പിച്ചുവെന്ന പരാതിയുമായി അച്ഛൻ മുഖാന്തരം പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങുകയും അമ്മയെ അറസ്റ്റിലാകുകയും ചെയ്തപ്പോൾ നിരപരാധിയാണെന്നും കള്ളക്കേസാണെന്നുമുള്ള വെളിപ്പെടുത്തലുമായി അമ്മയും അവരുടെ ബന്ധുക്കളും രംഗത്തുവന്നിരുന്നു. എന്നാൽ, കുട്ടിയുടെ മൊഴിയുടെ ബലത്തിൽ പോക്സോ നിയമ പ്രകാരം കേസെടുത്ത് കടയ്ക്കാവൂർ പൊലീസ് അമ്മയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിശദമായ അന്വേഷണത്തിന് മുതിരാതിരുന്നതും കുടുംബപ്രശ്നമുൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കാതെ പോയതും പൊലീസിന്റെ വീഴ്ചയായി. മുതിർന്ന ഉദ്യോഗസ്ഥരുടെ മേൽനോട്ടക്കുറവുമുണ്ടായി.
അമ്മയും കുഞ്ഞും
പവിത്ര ബന്ധം
അമ്മയും കുഞ്ഞും തമ്മിലുള്ള ഊഷ്മളസ്‌നേഹം മറ്റൊന്നിനോടും താരതമ്യം ചെയ്യാനാവില്ലെന്നും ജനനത്തിന് മുമ്പേ തുടങ്ങുന്ന സ്‌നേഹബന്ധത്തിന് ഉപാധികളില്ലെന്നും അമ്മയുടെ ജാമ്യ ഉത്തരവിൽ ഹൈക്കോടതി പറഞ്ഞു. അമ്മക്ക് നേരെ പീഡനം ആരോപിക്കുന്ന സംഭവം മാതൃത്വത്തിന്റെ പവിത്രതയെ അവഗണിക്കുന്ന കേസാണ്. അവമതിപ്പുണ്ടാക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നവർക്ക് 'അമ്മ' എന്ന പദത്തിന് അർഹയില്ല. കുട്ടിയെ പഠിപ്പിച്ചും പ്രേരിപ്പിച്ചും അമ്മക്കെതിരെ പരാതി നൽകിച്ചതാണെങ്കിൽ അവർക്കെതിരെയും അറസ്റ്റടക്കം നടപടികളുണ്ടാവണം. അസാധാരണ പരാതികളിൽ കേസ് രജിസ്റ്റർ ചെയ്യും മുമ്പ് പ്രാഥമികാന്വേഷണം നിർബന്ധമാക്കണം.