
കൊവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതർക്ക് സഹായധനം നൽകാൻ നിർദ്ദേശം നൽകണമെന്നാവശ്യപ്പെടുന്ന ഹർജികളിൽ വിശദീകരണം നൽകിയ കേന്ദ്ര സർക്കാർ ഇത്തരത്തിലുള്ള ആവശ്യം അംഗീകരിക്കാനാകില്ലെന്ന് സുപ്രീംകോടതിയെ അറിയിച്ചിരിക്കുകയാണ്. മരണപ്പെട്ട ഓരോ വ്യക്തിയുടെയും ആശ്രിതർക്ക് നാലുലക്ഷം രൂപ വീതം നൽകണമെന്നാണ് ഹർജികളിലെ ആവശ്യം. ഈ വിഷയത്തിൽ കോടതിയുടെ തീരുമാനം വരാനിരിക്കുന്നതേയുള്ളൂ. ഇതുപോലുള്ള ഭരണപരമായ വിഷയങ്ങളിൽ കോടതികൾ ഇടപെടുന്നത് ഗുണകരമാകില്ലെന്നാണ് കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിലെ വാദം. ദുരന്തനിവാരണത്തിനായി സൂക്ഷിച്ചിട്ടുള്ള ഫണ്ടിൽ നിന്ന് കൊവിഡ് മരണങ്ങൾക്ക് സഹായധനം നൽകാൻ തുടങ്ങിയാൽ അതിന്റെ പ്രത്യാഘാതം താങ്ങാനാവാത്തതാകുമെന്നാണ് കേന്ദ്രം വിശദീകരിക്കുന്നത്. നിധിയിലുള്ള പണമത്രയും ഒറ്റയടിക്ക് തീർന്നാൽ അനന്തമായി തുടരാനിടയുള്ള കൊവിഡ് മഹാമാരി നേരിടാനാവശ്യമായ ചികിത്സാ സംവിധാനങ്ങൾക്കും അനുബന്ധ കാര്യങ്ങൾക്കും പണം ബാക്കിയുണ്ടാവില്ലത്രെ. നിലവിലെ കണക്കനുസരിച്ച് രാജ്യത്ത് 3.86 ലക്ഷം കൊവിഡ് മരണങ്ങളാണ് റെക്കാർഡ് ചെയ്യപ്പെട്ടിട്ടുള്ളത്. ഓരോ ദിവസവും മരണങ്ങൾ നടക്കുന്നുമുണ്ട്. മഹാമാരി തുടരുന്നിടത്തോളം ഒപ്പം മരണങ്ങളും ഉണ്ടായിക്കൊണ്ടിരിക്കും.
കൊവിഡ് മണത്തിനിരയായവരിൽ നല്ലൊരു വിഭാഗം സാധാരണക്കാർ തന്നെയാണ്. തക്കസമയത്ത് മതിയായ ചികിത്സയും പരിചരണവും ലഭിക്കാതെ പരലോകം പ്രാപിക്കേണ്ടി വന്നവരും അനേകമുണ്ട്. ലോകമൊട്ടാകെ തന്നെ മഹാമാരിയുടെ ദുരന്തഫലങ്ങളിലൊന്നായി ഇതിനെ കാണാമെങ്കിലും പെട്ടെന്നൊരുനാൾ എല്ലാമായിരുന്ന കുടുംബനാഥന്റെ വേർപാട് അനാഥമാക്കുന്ന സാധാരണ കുടുംബങ്ങളുടെ നിസ്സഹായത കണ്ടില്ലെന്നു നടിക്കാൻ ഭരണകൂടങ്ങൾ ശ്രമിക്കരുത്. അർഹമായ കേസുകളിൽ ദുരിതബാധിതരെ സഹായിക്കാനുള്ള ഉത്തരവാദിത്വം സർക്കാരിനു തന്നെയാണ്. മഹാമാരി ഇനിയും ദീർഘനാൾ നീണ്ടുപോകുമെന്നും മരണങ്ങളും ഉണ്ടായിക്കൊണ്ടിരിക്കുമെന്നും അവർക്കൊക്കെ സഹായധനം നൽകേണ്ടിവരുന്നത് കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കു ഭാരമാകുമെന്നുമൊക്കെ പറഞ്ഞ് കൈകഴുകുന്നത് ശരിയല്ല. രാജ്യത്ത് ഇതുപോലെയുള്ള ദുരന്തവേളകളിൽ ഭരണകൂടമല്ലാതെ മറ്റാരെയാണ് ദുരിതബാധിതർ ആശ്രയിക്കേണ്ടത്? നിലവിലെ മാനദണ്ഡങ്ങൾ അതിനു തടസമാണെങ്കിൽ കൊവിഡ് ധനസഹായത്തിനായി മാത്രം എന്തുകൊണ്ട് പ്രത്യേക നിധി രൂപീകരിച്ചുകൂടാ? രാജ്യത്ത് ഒരു രാഷ്ട്രീയ കക്ഷിയും അതിന് എതിരു നിൽക്കുമെന്നു തോന്നുന്നില്ല. പാർലമെന്റിന് അതിനുള്ള അധികാരമുണ്ട്. സഹായധനത്തിന് അർഹമായ കുടുംബങ്ങളെ നിശ്ചയിക്കാൻ വരുമാനവും മാനദണ്ഡമാക്കാവുന്നതാണ്. സഹായം നൽകാനാവശ്യമായ ഫണ്ട് കേന്ദ്രവും സംസ്ഥാനങ്ങളും സംയുക്തമായി വഹിച്ചാൽ കാര്യങ്ങൾ കൂടുതൽ എളുപ്പമാകും.