
തിരുവനന്തപുരം: പൊതുജനാരോഗ്യ ഓർഡിനൻസിന്റെ ഭാഗമായി നിലവിൽ വരുന്ന സംസ്ഥാന-ജില്ലാ-പ്രാദേശിക അതോറിട്ടികൾക്ക് വിപുലമായ അധികാരങ്ങൾ. വാർഷിക ആരോഗ്യ സ്ഥിതി വിവര റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പകർച്ചവ്യാധി വ്യാപന സാദ്ധ്യത വിലയിരുത്തി പ്രതിരോധ, നിയന്ത്രണങ്ങൾക്ക് കർമ്മപദ്ധതികൾ തയ്യാറാക്കേണ്ടത് അതോറിട്ടികളുടെ ചുമതലയാണ്. ജില്ലാ, പ്രാദേശിക അതോറിട്ടികൾക്ക് മാർഗരേഖ സംസ്ഥാന അതോറിട്ടി നൽകണം. ജില്ലാ ആസൂത്രണസമിതി നൽകുന്ന മാർഗരേഖകളും ജില്ലാ അതോറിട്ടിക്ക് പരിഗണിക്കാം. ഓരോ അതോറിട്ടിക്കു കീഴിലെയും പദ്ധതി നടത്തിപ്പ് മൂന്ന് മാസത്തിലൊരിക്കൽ വിലയിരുത്തണം.
ആരോഗ്യവകുപ്പ് ഡയറക്ടർ സംസ്ഥാന അതോറിട്ടിയും ജില്ലാ മെഡിക്കൽ ഓഫീസർ ജില്ലാ അതോറിട്ടിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫീസർമാർ പ്രാദേശിക അതോറിട്ടിയുമാണ്.
ചുമതലകൾ
കീഴ് അതോറിട്ടികൾ തൊട്ടു മുകളിലുള്ള അതോറിട്ടിക്ക് റിപ്പോർട്ട് നൽകണം. സംസ്ഥാന അതോറിട്ടി സർക്കാരിനും നൽകണം.
പൊതുജനാരോഗ്യകാര്യങ്ങളിൽ സർക്കാർ, സ്വകാര്യ ആരോഗ്യ സംവിധാനങ്ങളിൽ നിന്ന് സംസ്ഥാന അതോറിട്ടിക്ക് വിവരം ശേഖരിക്കാം. വ്യക്തികൾക്കും നിർദ്ദേശങ്ങൾ സമർപ്പിക്കാം.
ആരോഗ്യ അടിയന്തരാവസ്ഥാ സന്നാഹങ്ങൾക്ക് സർക്കാരിന്റെ സഹായം തേടാം.
പകർച്ചവ്യാധി പ്രതിരോധ-നിയന്ത്രണ-നിരീക്ഷണ മാർഗരേഖ സംസ്ഥാന അതോറിട്ടി തയ്യാറാക്കണം.
പകർച്ചവ്യാധി ഉണ്ടാകുകയോ മരണനിരക്ക് നിയന്ത്രണാതീതമായി ഉയരുകയോ ചെയ്താൽ സംസ്ഥാന, ജില്ലാ അതോറിട്ടികൾക്ക് താത്കാലികമായി മെഡിക്കൽ ഓഫീസർമാരെ നിയമിക്കാം.
ദൗത്യം
1.ജില്ലാ അതോറിട്ടി
ആരോഗ്യ സംവിധാനങ്ങൾക്ക് മേൽനോട്ടവും മാർഗരേഖയും നൽകൽ.
രോഗനിയന്ത്രണത്തിന്റെ ഭാഗമായുള്ള പരിശോധന
പ്രാദേശിക അതോറിട്ടികൾക്ക് മാർഗനിർദ്ദേശം
2.പ്രാദേശിക അതോറിട്ടി
പൊതുജനാരോഗ്യസംരക്ഷണത്തിന് ഹാനികരമായ പ്രവൃത്തി ഉണ്ടായാൽ പരിഹരിച്ച് ബന്ധപ്പെട്ടവരിൽ നിന്ന് ചെലവ് ഈടാക്കണം.
ഭക്ഷണം, ജലം എന്നിവ പരിശോധിച്ച് ഗുണമേന്മ സർട്ടിഫിക്കറ്റ് നൽകൽ
പകർച്ചവ്യാധി കേന്ദ്രങ്ങൾ മുൻകൂർ നോട്ടീസില്ലാതെ പരിശോധിച്ച് അടിയന്തര പ്രതിരോധ നടപടിയെടുക്കാം.