1

തിരുവനന്തപുരം: പേട്ട റെയിൽവേ മേൽപ്പാലത്തിന്റെ ഒരു വശത്തുള്ള കരിങ്കല്ല് ഭിത്തി പൂർണമായും റോഡിലേക്ക് ഇടിഞ്ഞുവീണ് ദിവസങ്ങൾ കഴിഞ്ഞിട്ടും പുനർനിർമ്മാണത്തിന് അധികൃതർ തയ്യാറാകുന്നില്ല. നഗരത്തിലെ ഏറെ തിരക്കുള്ള പാളയം -ചാക്ക റോഡിലാണ് ഈ മേൽപ്പാലം. നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ അപകടസാദ്ധ്യതയിൽ പാർശ്വഭിത്തി ഇടിഞ്ഞുവീണ് ഒരു മാസം പിന്നിട്ടിട്ടും നടപടിയെടുക്കാത്തതിൽ നാട്ടുകാരും പ്രതിഷേധത്തിലാണ്. ശക്തമായൊരു മഴയിൽ നിലംപൊത്താവുന്ന സ്ഥിതിയിലാണ് ഈ മേൽപ്പാലം. ഭാരം കയറ്റിയ വലിയ വാഹനങ്ങൾ റോഡിന്റെ അരികുചേർന്ന് പോകുന്നതുപോലും നാട്ടുകാർക്ക് ഭയപ്പാടാണ്‌. പാലത്തിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസദ്ധീകരിച്ചിരുന്നു. ഇതേ തുടർന്ന് അന്നത്തെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ റോഡ് ഫണ്ട് ബോർഡിന് കഴിഞ്ഞ സെപ്തംബറിൽ അറ്റകുറ്റപ്പണികൾ ചെയ്യാനുള്ള നിർദ്ദേശം നൽകിയിരുന്നു. ചെറിയ രീതിയിൽ ഇടിഞ്ഞുതുടങ്ങിയ പാലത്തിന്റെ പാർശ്വഭിത്തി കഴിഞ്ഞ മേയിലാണ് പൂർണമായും ഇടിഞ്ഞ് റോഡിലേക്ക് വീണത്. ആദ്യഘട്ടത്തിൽ തന്നെ ഇത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഗൗരവത്തിലെടുത്തില്ല. ടെൻ‌ഡർ നടപടികൾ പൂർത്തിയായെങ്കിലും ലോക്ക്ഡൗണായതിനാലാണ് പണികൾ തുടങ്ങാത്തതെന്നാണ് അധികൃതരുടെ വിശദീകരണം.

നിർമ്മാണം ഇങ്ങനെ

ഭിത്തിയുടെ ഇടിഞ്ഞ ഭാഗത്തെ കല്ല് പൂർണമായി മാറ്റി പുതിയ കല്ലുകൊണ്ട് ഭിത്തി കെട്ടും. നാല് മീറ്റർ നീളത്തിലാണ് നിർമ്മാണം. ആധുനിക രീതിയിൽ കൂടുതൽ ബലം കിട്ടുന്ന തരത്തിലാണ് ഭിത്തി നിർമ്മിക്കുന്നത്. അടിവശത്ത് കൂടുതൽ ബലമുള്ള രീതിയിൽ പഴയിതിനെക്കാൾ കൂടുതൽ കല്ലുകൾ ഉപയോഗിച്ച് കെട്ടി ഉറപ്പിക്കും. ഭിത്തി ഇടിഞ്ഞ സ്ഥലത്ത് തകർന്നുപോയ ഇന്റർലോക്ക് പാകിയ നടപ്പാതയും കൈവരിയും നിർമ്മിക്കും. 55 ലക്ഷം രൂപയാണ് ഇതിന്റെ ന‌ിർമ്മാണത്തിനായി വകയിരുത്തിയിരിക്കുന്നത്.

 ലോക്ക്ഡൗൺ മൂലം ജോലികൾ തുടങ്ങുന്നതിന് തടസങ്ങൾ നേരിട്ടു. ടെൻഡർ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ എഗ്രിമെന്റാകും. ഒരാഴ്ചയ്ക്കുള്ളിൽ പണികൾ ആരംഭിക്കും.

റോഡ് ഫണ്ട് ബോർഡ് അധികൃതർ

 പാലം തകർന്നുവീണപ്പോൾ തന്നെ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കൂടാതെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി നിരന്തരം ബന്ധപ്പെട്ടിരുന്നു. ജോലികൾ എത്രയുംവേഗം ആരംഭിക്കുമെന്ന് അവർ ഉറപ്പ് നൽകിയിട്ടുണ്ട്.

സി.എസ്. സുജാദേവി

പേട്ട വാർഡ് കൗൺസിലർ