
ആറ്റിങ്ങൽ: അയൽവാസികളെ മർദ്ദിക്കുകയും വളർത്തുനായയെക്കൊണ്ട് കടിപ്പിക്കുകയും ചെയ്ത സഹോദരങ്ങളെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റു ചെയ്തു. ഇടയ്ക്കോട് പേരേക്കോണം കാട്ടിൽവീട്ടിൽ ധർമ്മൻ എന്നു വിളിക്കുന്ന സുമേഷ് (35), ഉണ്ണി എന്നു വിളിക്കുന്ന ഉമേഷ് (32) എന്നിവരാണ് അറസ്റ്റിലായത്.18ന് രാത്രി 9 മണിയോടെയായിരുന്നു സംഭവം. വീട്ടിനു സമീപം റോഡിൽ ഇരിക്കുകയായിരുന്ന സുമേഷും ഉമേഷും അതുവഴി പോകുകയായിരുന്നു അയൽക്കാരനായ അസ്ലി മൻസിലിൽ രതീഷിനെ (35) അസഭ്യം പറഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് പൊലീസ് പറഞ്ഞു. ഇത് ചോദ്യംചെയ്ത രതീഷിനെ ഇവർ വളർത്തുനായയെ തുറന്നുവിട്ട് കടിപ്പിക്കുകയായിരുന്നു. രതീഷിന്റെ നിലവിളികേട്ട് എത്തിയ അയൽക്കാരനായ ജോയി (44) രതീഷിനോട് പൊലീസിൽ പരാതിപ്പെടാനും അശുപത്രിയിൽ പോകാനും നിർദ്ദേശിച്ചു. ഇതുകേട്ട സഹോദരങ്ങൾ കൈയ്യിലിരുന്ന ടോർച്ച് ഉപയോഗിച്ച് ജോയിയുടെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. പരിക്കേറ്റ രണ്ടുപേരും വലിയകുന്ന് താലൂക്ക് ആശുപത്രിൽ ചികിത്സ തേടി. ജോയിയെ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്ക് മാറ്റി. രതീഷിന്റെ ശരീരം മുഴുവൻ നായ കടിച്ച പാടുണ്ട്.