crime

തിരുവനന്തപുരം : കടയ്ക്കാവൂരിൽ മാതാവ് പതിമ്മൂന്നുകാരനെ പീഡിപ്പിച്ചെന്ന കേസിൽ തെളിവ് കണ്ടെത്താനാകാത്തതിനാൽ കേസ് അവസാനിപ്പിക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം പോക്സോ കോടതിയിൽ റിപ്പോർട്ട് നൽകി.

പീഡനത്തിന് ഇരയായ കുട്ടിയുടെ മൊഴിയെ ബലപ്പെടുത്താനാവശ്യമായ തെളിവുകൾ ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. എട്ടംഗ മെഡിക്കൽ ബോർഡ് വിശദമായ ചോദ്യംചെയ്യലിന് വിധേയമാക്കിയെങ്കിലും കുട്ടി ആദ്യ മൊഴിയിൽ ഉറച്ചുനിന്നു. കുട്ടിയുടെ മൊഴി വിശ്വസനീയമല്ലെന്നാണ് മെഡിക്കൽ ബോർഡിന്റെ നിഗമനം. കുറ്റപത്രം സമർപ്പിക്കുന്നതിനാവശ്യമായ തെളിവ് കണ്ടെത്താനായില്ലെന്നും ചൂണ്ടിക്കാട്ടുന്നു.

ഏറെ കോളിളക്കമുണ്ടാക്കിയ കേസിന് തുടക്കമാകുന്നത് 2020 ഡിസംബർ 18 ന് കുട്ടിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയതോടെയാണ്. 22ന് മാതാവിനെ പൊലീസ് അറസ്റ്റു ചെയ്തു. വിചാരണക്കോടതിയിൽ രണ്ടുതവണ മാതാവ് ജാമ്യത്തിന് ശ്രമിച്ചെങ്കിലും പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. 30 ദിവസം കഴിഞ്ഞ് ഹെെക്കോടതിയാണ് ജാമ്യം അനുവദിച്ചത്.

നാല് കുട്ടികളുടെ മാതാവായ യുവതി പതിമ്മൂന്നുകാരനായ മകനെ ലെെംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബെെലിൽ പകർത്തിയെന്നായിരുന്നു പൊലീസ് ആദ്യഘട്ടത്തിൽ പറഞ്ഞത്. ജാമ്യത്തെ എതിർത്ത പ്രോസിക്യൂഷനും ഡിജിറ്റൽ തെളിവ് ഉണ്ടെന്ന നിലപാടിൽ ഉറച്ചുനിന്നു. കുട്ടി ചെെൽഡ് പ്രൊട്ടക്ഷൻ കൗൺസലറുടെ മുന്നിലും പൊലീസിന് മുന്നിലും പിന്നീട് മജിസ്ട്രേറ്റിന് മുന്നിലും മൊഴികൾ ആവർത്തിച്ചു. പിതാവുമായി വേർപിരിഞ്ഞു കഴിയുന്ന മാതാവിനെതിരെ മൊഴി കൊടുത്തത് വിവാഹമോചനക്കേസ് അനുകൂലമാക്കുന്നതിന്റെ ഭാഗമായി പിതാവ് സമ്മർദ്ദം ചെലുത്തിയത് മൂലമാണെന്ന ആരോപണം അന്ന് ഉയർന്നിരുന്നു.

പുതിയ അന്വേഷണ സംഘത്തിന് മുന്നിലും കുട്ടി മൊഴി ആവർത്തിച്ചെങ്കിലും വിശ്വസനീയമല്ലെന്ന നിലപാടാണ് അന്വേഷണ സംഘത്തിന്റേത്. വനിതാ ഐ.പി.എസ് ഒാഫീസർ കേസ് അന്വേഷിക്കണമെന്ന് യുവതിക്ക് ജാമ്യം അനുവദിക്കുന്ന അവസരത്തിൽ ഹെെക്കോടതി നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ രൂപീകരിച്ച അന്വേഷണസംഘമാണ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്.