mini

കിളിമാനൂർ: കൃഷിക്കാരിൽ നിന്ന് സംഭരിച്ച നെല്ലിന്റെ വില നൽകുന്നതുമായി ബന്ധപ്പെട്ട് കാലതാമസം ഉണ്ടാകുന്നു എന്ന പരാതികൾ അടിയന്തരമായി പരിഹരിക്കുമെന്നും സമയബന്ധിതമായി കർഷകർക്ക് തുക കൈമാറുന്നതിനുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അഡ്വ. ജി.ആർ. അനിൽ പറഞ്ഞു. തുക അനുവദിക്കുന്നതിന് ചില ബാങ്കുകളിലെ ഉദ്യോഗസ്ഥർ അനുവർത്തിക്കുന്ന കൃത്യവിലോപം തിരുത്തുന്നതിന് നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാലഞ്ചേരി പാടശേഖരത്തിൽ സി.പി.ഐ കിളിമാനൂർ ലോക്കൽ കമ്മിറ്റി നേതൃത്വം നൽകുന്ന ജനകീയ കർഷക സമിതിയുടെ ഞാറ് നടീൽ മഹോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കഴിഞ്ഞ നാലു വർഷമായി തരിശുനിലം ഏറ്റെടുത്ത് തുടർച്ചയായി കൃഷി ചെയ്തുവരുന്ന സി.പി.ഐ കിളിമാനൂർ ലോക്കൽകമ്മിറ്റിയുടെ പ്രവർത്തനം മാതൃകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ജനകീയ കർഷക സമിതി ചെയർമാൻ വി. സോമരാജകുറുപ്പിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമിതി ഓർഗനൈസിംഗ് സെക്രട്ടറി ബി.എസ്. റെജി സ്വാഗതവും സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്‌. ധനപാലൻ നായർ കൃതജ്ഞതയും രേഖപ്പെടുത്തി. സി.പി.ഐ ദേശീയ കൗൺസിൽ അംഗം അഡ്വ. എൻ. രാജൻ, സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രൻ, മണ്ഡലം സെക്രട്ടറി എ. എം. റാഫി, സമിതി കൺവീനർ ജി. ബാലൻ, സി.പി.ഐ ആർ. ആർ. വി ബ്രാഞ്ച് സെക്രട്ടറി സജികുമാർ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സുനിൽകുമാർ, കൃഷി ഓഫീസർ നസീമ ബീഗം, കർഷക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.