myl

കാസർകോട്: ജില്ലാ പഞ്ചായത്തിന് കീഴിലുള്ള കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പെരിയ ഇരട്ടകൊലപാതക കേസിൽ ജയിലിൽ കഴിയുന്ന പ്രതികളുടെ ഭാര്യമാർക്ക് നിയമനം നൽകിയതിനെ ചെറുക്കാൻ യു.ഡി.എഫ് ഒരുങ്ങി. വിവാദമായ നിയമനം റദ്ദ് ചെയ്യാനാവശ്യപ്പെട്ട് അടുത്ത ജില്ലാ പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ പ്രമേയം അവതരിപ്പിക്കാനായി യു.ഡി.എഫ് അംഗങ്ങൾ പ്രസിഡന്റ് ബേബി ബാലകൃഷ്ണന് കത്ത് നൽകി. ഭരണസമിതിയുടെ മുൻകൂർ അനുമതി ഇല്ലാതെ ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിരുദ്ധമായതിനാൽ നിയമനങ്ങൾ റദ്ദ് ചെയ്യണമെന്നാണ് പ്രമേയത്തിന്റെ ഉള്ളടക്കം.

പ്രമേയം അവതരണത്തിന് ഭരണസമിതി യോഗത്തിന് ഏഴ് ദിവസം മുൻപേ നോട്ടീസ് നൽകണമെന്നാണ് ചട്ടം. ചിറ്റാരിക്കാൽ ഡിവിഷൻ അംഗവും കോൺഗ്രസ് പാർലമെന്റ് പാർട്ടി ലീഡർ കൂടിയായ ജോമോൻ ജോസാണ് പ്രമേയം അവതരിപ്പിക്കുക. മഞ്ചേശ്വരം ഡിവിഷൻ മെമ്പർ, മുസ്ലീം ലീഗ് പ്രതിനിധി ഗോൾഡൻ അബ്ദുൽ റഹ്മാൻ പ്രമേയത്തിനെ പിന്തുണയ്ക്കും. അതിനിടെ കത്ത് നൽകിയതിന് ശേഷം യു.ഡി.എഫ് അംഗങ്ങൾ ജില്ലാ പഞ്ചായത്തിന് മുമ്പിൽ നിൽപ് സമരം നടത്തിയാണ് പിരിഞ്ഞത്. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഗീത കൃഷ്ണൻ അടക്കമുള്ളവർ പങ്കെടുത്തു.

മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് ഇന്നലെ രാവിലെ നടത്തിയ പ്രതിഷേധ മാർച്ച് ഗേറ്റിൽ പൊലീസ് തടഞ്ഞു. തുടർന്ന് ഉന്തും തള്ളലുമുണ്ടായി. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിമാരുടെയും ഇടത് നേതാക്കളുടെയും ബന്ധുക്കൾക്ക് സർക്കാർ സർവീസിൽ നിയമനം നൽകിയപ്പോൾ രണ്ടാം പിണറായി സർക്കാർ സി.പി.എം ഗുണ്ടകൾക്കും കൊലയാളി കുടുംബങ്ങൾക്കും നിയമനം നൽകുകയാണെന്നും യൂത്ത് ലീഗ് ആരോപിച്ചു. മാർച്ച് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്തു പ്രസിഡന്റ് അസീസ് കളത്തൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സഹീർ ആസിഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ അഷറഫ് എടനീർ, ടി.ഡി. കബീർ പ്രസംഗിച്ചു. ജില്ലാ ട്രഷറർ എം.ബി ഷാനവാസ് സീനിയർ വൈസ് പ്രസിഡന്റ് എം.സി. ശിഹാബ്, എം.എ. നജീബ്, എ. മുക്താർ, ഹാരിസ് തായൽ ഹാരിസ് അങ്കക്കളരി, ബത്തിഷ പൊവ്വൽ, റഹ്മാൻ ഗോൾഡൻ, റഫീഖ് കേളോട്ട്, എം.പി. നൗഷാദ്, എ.ജി.സി. ഷംസാദ്, നൂറുദ്ധീൻ ബെളിഞ്ച, സിദ്ധീഖ് സന്തോഷ് നഗർ, ഹാരിസ് ബെദിര, ഹാരിസ് തൊട്ടി തുടങ്ങിയവർ നേതൃത്വം നൽകി.