വർക്കല: ചെമ്മരുതിയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നിർജ്ജീവ അവസ്ഥയിലാണെന്ന് ബി.ജെ.പി ഭാരവാഹികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു. കൊവിഡ് പ്രതിരോധം മാതൃകാപരമാണെന്ന് ഭരണസമിതി വീമ്പ് ഇളക്കുന്നതല്ലാതെ രോഗികൾക്ക് ആശ്വാസകരമായ നടപടികൾ പഞ്ചായത്ത് സ്വീകരിക്കുന്നില്ല. ധാരാളം കോളനികളുള്ള പ്രദേശമാണ് ചെമ്മരുതി. രോഗാവസ്ഥയിലുള്ള ജനങ്ങളെ കൂട്ടമായി തിങ്ങിപ്പാർക്കാൻ അനുവദിക്കാതെ കൂടുതൽ കെയർസെന്ററുകൾ ആരംഭിക്കണം. രോഗികൾക്ക് ആംബുലൻസ് സൗകര്യം പോലും ഒരുക്കുന്നില്ല. ബി.ജെ.പി വർക്കല നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സജി മുല്ലനെല്ലൂർ, ജനറൽ സെക്രട്ടറി തച്ചോട് സുധീർ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ശശീന്ദ്രൻ, ബി.ജെ.പി പഞ്ചായത്ത് അംഗങ്ങളായ ഷീബ, ശോഭലാൽ, ഉണ്ണികൃഷ്ണൻ, പ്രിയ, ശശികല, മണ്ഡലം സെക്രട്ടറി ഗോകുൽ സദാശിവൻ, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സബിൻ കണിമംഗലം എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.