vaccine

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷൻ തദ്ദേശസ്ഥാപന വാർഡ് അടിസ്ഥാനത്തിൽ നടത്താൻ സാദ്ധ്യത. വിവിധ കോണുകളിൽ നിന്ന് ഈ ആവശ്യം ഉയരുകയും 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ സൗജന്യമാക്കി, സ്‌പോട്ട് രജിസ്ട്രേഷനാകാമെന്ന കേന്ദ്ര പ്രഖ്യാപനം വന്നതോടെയുമാണ് ഇക്കാര്യം സജീവ പരിഗണനയിലായത്.

നിലവിലെ രീതിയിൽ സ്‌പോട്ട് രജിസ്ട്രേഷനായാൽ പല സ്ഥലങ്ങളിലുള്ളവർ തോന്നുംപടി വാക്‌സിനേഷൻ കേന്ദ്രങ്ങളിലെത്തി തിക്കിത്തിരക്കും. 18 വയസിന് മുകളിലുള്ള എല്ലാവർക്കും സൗജന്യവാക്‌സിനേഷൻ തുടങ്ങിയ ഇന്നലെ വിവിധ കേന്ദ്രങ്ങളിൽ സമാന സംഭവങ്ങളുണ്ടായി. അതേസമയം, സ്‌പോട്ട് രജിസ്ട്രേഷന്റെ രേഖാമൂലമുള്ള അറിയിപ്പ് ലഭിച്ചിട്ടില്ല. ലഭിക്കുന്ന മുറയ്ക്ക് തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ വാക്‌സിൻ ലഭ്യമാക്കുമെന്നാണ് വിവരം.

സ‌ബ് സെന്റർ തലം മുതൽ വാക്‌സിനേഷനെന്ന കേന്ദ്രനിർദ്ദേശം നിലവിലുള്ളതിനാൽ സർക്കാരിന് മുന്നിൽ മറ്റു തടസങ്ങളില്ല. കേരള ഗവ.മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സമർപ്പിച്ച കത്തും സർക്കാരിന് മുന്നിലുണ്ട്. പൾസ് പോളിയോ ഉൾപ്പെടെ നൽകുന്ന മാതൃകയിൽ അങ്കണവാടികൾ, വായനാശാലകൾ, സബ് സെന്ററുകൾ എന്നിവ കേന്ദ്രീകരിച്ച് വാക്‌സിൻ നൽകാനാവും.

വാക്‌സിനേഷൻ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനം നിർബന്ധമില്ലാത്തതിനാൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സുമാരുടെ നേതൃത്വം മതിയാവും. ആശാവർക്കർമാർ, ജനപ്രതിനിധികൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ ഉൾപ്പെടെയുള്ള പ്രാദേശിക സമിതികൾ എന്നിവ മുഖാന്തരം വീട്ടുകാർക്ക് അറിയിപ്പ് നൽകും. നിശ്ചിത ദിവസം കുടുംബങ്ങളുടെ എണ്ണം ഇങ്ങനെ ക്രമീകരിക്കാനാണ് ലക്ഷ്യം.

ഓൺലൈൻ തുടരും

ഓൺലൈൻ രജിസ്ട്രേഷനും തുടരും. കേന്ദ്ര സംവിധാനമായതിനാൽ ഇത് സംസ്ഥാന സർക്കാരിന് അവസാനിപ്പിക്കാനാകില്ല. അന്യസംസ്ഥാന തൊഴിലാളികൾക്കും ഓൺലൈനാണ് ഫലപ്രദം.

'വോട്ടർ പട്ടികയോ വീട്ടുനമ്പരോ അടിസ്ഥാനമാക്കി വാർഡ് അടിസ്ഥാനത്തിൽ നൽകാനായാൽ സമൂഹത്തിൽ എല്ലാവരിലേക്കും വാക്‌സിനെത്തും.'

-ഡോ.ജി.എസ്.വിജയകൃഷ്ണൻ

പ്രസിഡന്റ്, കെ.ജി.എം.ഒ.എ