
തിരുവനന്തപുരം : കൊവിഡ് ബാധിച്ച് രക്ഷിതാക്കൾ മരണപ്പെട്ടതോടെ അനാഥമായ കുഞ്ഞുങ്ങൾക്ക് സംസ്ഥാന സർക്കാർ മൂന്നുലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും 18വയസാകുന്നതുവരെ പ്രതിമാസം രണ്ടായിരം രൂപയും നൽകും. പഠന ചെലവും ഏറ്റെടുക്കുമെന്നും മന്ത്രി വീണാജോർജ് അറിയിച്ചു. നിലവിൽ ഇത്തരത്തിലുള്ള 74 കുട്ടികളാണുള്ളത്.
വനിതാശിശുവികസനവകുപ്പിന്റെ ഫണ്ടിൽ നിന്നും നൽകുന്ന പ്രതിമാസസഹായം കുട്ടിയുടെയും കുട്ടിയുടെ ഇപ്പോഴത്തെ രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കുന്നത്. കുട്ടികളുടെ ബിരുദതലം വരെയുള്ള പഠനച്ചെലവുകൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നാണ് വഹിക്കുന്നത്. ഈ ധനസഹായങ്ങൾക്ക് ആവശ്യമായി വരുന്ന അധികതുക ധനവകുപ്പ് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മുൻ സഹപ്രവർത്തകയെ പ്രസ് സെക്രട്ടറിയാക്കാനുള്ള
ആരോഗ്യമന്ത്രിയുടെ നീക്കം തടഞ്ഞ് സി.പി.എം
തിരുവനന്തപുരം: മുമ്പ് ദൃശ്യമാദ്ധ്യമത്തിൽ പ്രവർത്തിക്കവെ സഹപ്രവർത്തകയായിരുന്ന ആളെ പേഴ്സണൽ സ്റ്റാഫിൽ പ്രസ് സെക്രട്ടറിയായി ഉൾപ്പെടുത്താനുള്ള ആരോഗ്യമന്ത്രി വീണ ജോർജിന്റെ നീക്കത്തിന് തടയിട്ട് സി.പി.എം നേതൃത്വം.
ആറന്മുളയിൽ വീണ ജോർജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവേളയിലും ഇവർ സഹായിയായിരുന്നു. ഇവരെ സ്റ്റാഫംഗമാക്കാനുള്ള ശുപാർശ മന്ത്രി പാർട്ടിക്ക് കൈമാറി. ആദ്യം പാർട്ടി എതിർത്തില്ലെങ്കിലും പിന്നീട് പരാതികളുയർന്നു. ഇവർക്ക് ആർ.എം.പി ബന്ധമുണ്ടെന്ന് കാട്ടിയാണ് സി.പി.എം കോഴിക്കോട് ജില്ലാ ഘടകത്തിൽ നിന്നടക്കം പരാതികളുയർന്നത്. ഇതോടെ, സി.പി.എം നേതൃത്വം ഇടപെട്ട് ഒഴിവാക്കുകയായിരുന്നു.
വീണ ജോർജ് മന്ത്രിയായി ചുമതലയേറ്റതിന് തൊട്ടുപിന്നാലെ പ്രൈവറ്റ് സെക്രട്ടറിയായി സി.പി.എം സംസ്ഥാനസമിതി അംഗവും എ.കെ.ജി സെന്റർ ഓഫീസ് സെക്രട്ടറിയുമായിരുന്ന കെ. സജീവനെ നിയമിച്ചിരുന്നു. പാർട്ടിയുടെ വിവിധ ജില്ലാഘടകങ്ങളിൽ നിന്നടക്കമുള്ള ശുപാർശകൾ പരിശോധിച്ചാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫംഗങ്ങളെ നിയമിക്കുന്നത്.