ഹോട്ടലിനെയും പരിഗണിക്കും
തിരുവനന്തപുരം: വെയർഹൗസ് മാർജിൻ വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ചും മറ്റു ചില ആവശ്യങ്ങളുന്നയിച്ചും മദ്യത്തിന്റെ പാർസൽ വില്പനയിൽ നിന്ന് വിട്ടുനിൽക്കുന്ന ബാർ ഉടമകളുമായി നാളെ സർക്കാർ ചർച്ച നടത്തും. പ്രശ്നം പരിഹരിക്കാൻ എക്സൈസ് മന്ത്രി എം.വി. ഗോവിന്ദൻ ഇന്നലെ ബിവറേജസ് കോർപറേഷൻ പ്രതിനിധികളുമായി ചർച്ച നടത്തി. ഇതിൽ ഒത്തുതീർപ്പ് സാദ്ധ്യത തെളിഞ്ഞെന്നാണ് അറിയുന്നത്.
കഴിഞ്ഞ ഒന്നരമാസമായി ലോക്ക്ഡൗണിന്റെ പേരിൽ ബാറുകൾ അടഞ്ഞുകിടക്കുകയാണ്. ഇക്കാലയളവിലെ ലൈസൻസ് ഫീസിൽ കിഴിവ് നൽകണമെന്നും പാർസൽ വില്പനയിൽ വില നിർണയിക്കാനുള്ള അവകാശം പുനഃസ്ഥാപിക്കണമെന്നും ചർച്ചയിൽ ബാറുടമകൾ ആവശ്യപ്പെടും.
ലോക്ക് ഡൗണിൽ കൂടുതൽ ഇളവ് ആലോചിക്കാൻ ഇന്ന് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. ബാറുകളിൽ ഇരുന്നു കഴിക്കാനുള്ള അനുമതി നൽകാനിടയുണ്ട്. അങ്ങനെ വന്നാൽ റീട്ടെയ്ൽ വില നിശ്ചയിക്കാനുള്ള അവകാശം ബാറുകൾക്ക് തിരിച്ചുകിട്ടും. ഹോട്ടലുകൾക്കും ഇരുന്നു കഴിക്കാനുള്ള അനുമതി നൽകിയേക്കും.
അതേസമയം, വെയർഹൗസ് മാർജിൻ കുറയ്ക്കുന്നത് നഷ്ടം വർദ്ധിപ്പിക്കുമെന്ന നിലപാടിലാണ് ബിവറേജസ് കോർപറേഷൻ. എങ്കിലും വിട്ടുവീഴ്ച ചെയ്യാമെന്ന് മന്ത്രിയുമായുള്ള ചർച്ചയിൽ കോർപറേഷൻ പ്രതിനിധികൾ പറഞ്ഞു.
എട്ടു ശതമാനമായിരുന്ന വെയർഹൗസ് മാർജിൻ കൺസ്യൂമർഫെഡിന് 20 ആയും ബാർഹോട്ടലുകൾക്ക് 25 ശതമാനമായുമാണ് കൂട്ടിയത്. തുർന്ന് ഇന്നലെ മുതൽ ബാറുകൾ അടച്ചിടുകയായിരുന്നു. ഇതോടെ മദ്യവില്പനയ്ക്കുള്ള 900 കൗണ്ടറുകൾ ഇല്ലാതായി. ബെവ്കോ ചില്ലറവില്പന കേന്ദ്രങ്ങളിൽ വൻതിരക്കുമായി.