av

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ സ്ഥാനത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കാതെ പ്രതികരിച്ചപ്പോൾ തങ്ങളും അതേ രീതി സ്വീകരിച്ചതാണെന്നും അതവിടെ അവസാനിച്ചെന്നും ഇടതുമുന്നണി കൺവീനർ എ. വിജയരാഘവൻ പറഞ്ഞു.

സുധാകരന്റെ പോർവിളികളോട് കൂടുതൽ പ്രതികരിച്ച് അദ്ദേഹത്തിന് പ്രചാരമുണ്ടാക്കിക്കൊടുക്കാനില്ലെന്ന സൂചനയാണ് വിജയരാഘവൻ നൽകുന്നത്. അതേസമയം, നാൽപാടി വാസു, സേവറി നാണു വധക്കേസുകളിൽ സുധാകരന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേസിലേക്ക് സർക്കാർ പോയേക്കുമെന്നാണ് സൂചന. നിയമപരമായ കാര്യങ്ങൾ പരിശോധിക്കേണ്ടത് സർക്കാരാണെന്ന്, ഇതുസംബന്ധിച്ച ചോദ്യങ്ങളോട് വിജയരാഘവൻ പ്രതികരിച്ചു.

കെ.പി.സി.സി അദ്ധ്യക്ഷൻ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ട രീതിയിലല്ല അദ്ദേഹം ചെയ്തത്. കോൺഗ്രസ് നേതാക്കൾ പിന്തുണയ്ക്കുകയും ചെയ്തു. അതിനോട് അതേ രീതിയിൽ ഞങ്ങൾക്കും പ്രതികരിക്കേണ്ടിവന്നു.

മരം മുറിക്കൽ വിഷയത്തിൽ സർക്കാർ നടപടികൾ യഥാസമയം സ്വീകരിച്ചിട്ടുണ്ട്. കൃഷിക്കാർ വച്ചുപിടിപ്പിച്ച മരങ്ങളിൽ ഉണങ്ങിപ്പോയവ വെട്ടിമാറ്റാൻ അനുവദിക്കണമെന്ന് കുറേക്കാലമായി ആവശ്യപ്പെടുന്നതാണ്. സർക്കാർ കർഷകാനുകൂല നിലപാടാണ് സ്വീകരിച്ചത്. അത് ദുർവിനിയോഗം ചെയ്യാൻ പാടില്ലാത്തതാണ്. ദുർവിനിയോഗം ചെയ്തപ്പോൾ ശക്തമായ ഇടപെടലിലേക്ക് സർക്കാർ യഥാസമയം നീങ്ങി. കുറ്റം ചെയ്തവർക്കെതിരെ കർശന നടപടിയുണ്ടാകും. കേസിൽ അന്വേഷണം നടന്നുവരികയാണ്. വരട്ടെ.

വേഗതയേറിയ ഭരണനിർവ്വഹണമാണ് പാർട്ടി നിർദ്ദേശിച്ചത്. സമയബന്ധിതമായി നടത്തേണ്ട കാര്യങ്ങളുണ്ട്. അതിനനുസരിച്ച കാര്യനിർവ്വഹണമുണ്ടാവണം. അതാണ് ബ്യൂറോക്രസിയുടെ ഭാഗത്ത് നിന്നുണ്ടാവേണ്ടത്. കേരള സമൂഹത്തിന് പുതിയ സർക്കാരിൽ വലിയ പ്രതീക്ഷയുണ്ട്. ജനങ്ങൾക്ക് മുമ്പിൽ വച്ച വാഗ്ദാനങ്ങൾ പാലിക്കാൻ ഭരണയന്ത്രത്തെ സജ്ജമാക്കണം. ആ തരത്തിലാണ് മുഖ്യമന്ത്രി ജീവനക്കാരുടെ സംഘടനകളോട് പ്രതികരിച്ചതെന്നും വിജയരാഘവൻ പറഞ്ഞു.