
ന്യൂഡൽഹി: പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന പ്രകാരം കേരളത്തിൽ ലഭിക്കേണ്ടിയിരുന്ന ഭക്ഷ്യധാന്യങ്ങൾ പാഴായത് അന്വേഷിക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടു. കേന്ദ്രം അനുവദിച്ച 596.65 ടൺ കടല സംസ്ഥാന സർക്കാർ വിതരണം ചെയ്യാതെ പുഴുവരിച്ച് ഉപയോഗ ശൂന്യമായെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണ്. കേന്ദ്ര പദ്ധതികളോട് സംസ്ഥാനം ഭരിക്കുന്ന കമ്മ്യൂണിസ്റ്റ് സർക്കാർ കാണിക്കുന്ന നിഷേധാത്മക സമീപനത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. കേന്ദ്ര പദ്ധതികൾ ജനങ്ങളിൽ എത്താതിരിക്കാനുള്ള ആസൂത്രിത നീക്കമാണോ പിന്നിലെന്ന് സമഗ്രാന്വേഷണം വേണം.കൊവിഡ് കാലത്ത് ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ ഭക്ഷ്യധാന്യങ്ങൾ നശിപ്പിച്ചത് മാപ്പർഹിക്കാത്ത കുറ്റമാണെന്നും മന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി ഭവന പദ്ധതി പ്രകാരം പാവപ്പെട്ടവരുടെ വീട് നിർമ്മാണത്തിന് കേന്ദ്രം അനുവദിച്ച 195.82 കോടി രൂപ സംസ്ഥാനം ചെലവഴിച്ചില്ലെന്ന് സി.എ.ജി റിപ്പോർട്ടിലുണ്ടായിരുന്നു. പൈപ്പ് വഴി എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കാൻ ലക്ഷ്യമിടുന്ന ജൽ ജീവൻ മിഷനും കേരളത്തിൽ അർഹതയുള്ള കുടുംബങ്ങളിൽ എത്തുന്നില്ലെന്ന് കേന്ദ്ര ജലശക്തി മന്ത്രാലയം വ്യക്തമാക്കിയിരുന്നു. വികസന പ്രവർത്തനങ്ങൾ രാഷ്ട്രീയം നോക്കി മാത്രം നടപ്പാക്കുന്ന സമീപനം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണമെന്നും വി.മുരളീധരൻ ആവശ്യപ്പെട്ടു.