photo

നെടുമങ്ങാട്: സംസ്ഥാനത്ത് മുഴുവൻ കുട്ടികൾക്കും ഓൺലൈൻ വിദ്യാഭ്യാസത്തിന് സൗകര്യമൊരുക്കിയ ആദ്യ പൊതുവിദ്യാലയമായി പൂവത്തൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ. മന്ത്രി ജി.ആർ. അനിൽ ഔപചാരിക പ്രഖ്യാപനം നടത്തി. അദ്ദേഹത്തിന്റെ വകയായി ഒരു സ്മാർട്ട് ഫോണും സ്കൂളധികൃതക്ക് കൈമാറി. പ്രവേശനോത്സവ ദിനത്തിലാണ് യോഗം ചേർന്ന് മുഴുവൻ കുട്ടികൾക്കും ഡിജിറ്റൽ സൗകര്യം ഒരുക്കുന്നതിനുള്ള പ്രവർത്തനം ആരംഭിച്ചതെന്ന് പി.ടി.എ പ്രസിഡന്റ് എസ്.എസ്. ബിജു പറഞ്ഞു. മുൻ അദ്ധ്യാപകർ, അദ്ധ്യാപകരുടെ സുഹൃത്തുക്കൾ, പൂർവവിദ്യാർത്ഥികൾ, സാമൂഹിക- രാഷ്ട്രീയ സംഘടനകൾ, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെ 37 ഫോണുകളാണ് വാങ്ങി നൽകിയത്. നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജയുടെ അദ്ധ്യക്ഷതയിൽ പി.ടി.എ പ്രസിഡന്റ് എസ്.എസ്. ബിജു സ്വാഗതം പറഞ്ഞു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ പി. വസന്തകുമാരി, എസ്. സിന്ധു, കൗൺസിലർമാരായ ലേഖ വിക്രമൻ, താര ജയകുമാർ, വൈസ് പ്രസിഡന്റ്‌ ബി.ബി. സുരേഷ്, പ്രഥമാദ്ധ്യാപിക എസ്. ഷീജ, സ്റ്റാഫ് സെക്രട്ടറി ആർ.ജി. അരുൺ, പി.കെ. രാധാകൃഷ്ണൻ, ലേഖ വിജയൻ എന്നിവർ പങ്കെടുത്തു. പ്രിൻസിപ്പൽ പി.എച്ച്. പ്രതിഭ നന്ദി പറഞ്ഞു.

ഫോട്ടോ....മന്ത്രി അഡ്വ. ജി.ആർ. അനിലിൽ നിന്ന് സ്കൂൾ അധികൃതർ ഫോണുകൾ ഏറ്റുവാങ്ങുന്നു. പി.ടി.എ പ്രസിഡന്റ് എസ്.എസ്. ബിജു, നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ തുടങ്ങിയവർ സമീപം.