photo

പാലോട്: മെബൈലോ കമ്പ്യൂട്ടറോ ഇല്ലാതെ ഓൺലൈൻ പഠനത്തിന് തടസ്സം നേരിട്ട മുഴുവൻ വിദ്യാർത്ഥികൾക്കും സമ്പൂർണ ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോണുകൾ നല്കി നന്ദിയോട് പഞ്ചായത്തിലെ എസ്.കെ.വി ഹയർ സെക്കൻഡറി സ്കൂൾ മാതൃകയായി. നെടുമങ്ങാട് താലൂക്കിലെ എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസം ലഭ്യമാക്കുന്ന ഏക സ്കൂൾ എസ്.കെ.വിയാണ്. പി.ടി.എ പ്രസിഡന്റ് ബാലചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള സ്മാർട്ട് ഫോൺ വിതരണം പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവനും യു.പി വിദ്യാർത്ഥികൾക്കുള്ള ഫോൺ വിതരണം പാലോട് സി.ഐ.മനോജ് സി.കെ.യും നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ദീപാ മുരളി, മെമ്പർ നന്ദിയോട് രാജേഷ്, സീനിയർ അദ്ധ്യാപകൻ ടി.കെ.വേണുഗോപാൽ, സ്റ്റാഫ് സെക്രട്ടറി വി.എസ്. പ്രദീപ്, ഹരിദാസ് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ്സ് റാണി സ്വാഗതവും എൻ.സി.സി ഓഫീസർ വിനോജ് നന്ദിയും രേഖപ്പെടുത്തി.