പോത്തൻകോട്: കൊവിഡ് പരിശോധനയും വാക്സിനേഷനും നടത്തുന്നില്ലെന്നാരോപിച്ച് മേനംകുളം ബി.പി.സി.എൽ ബോട്ടിലിംഗ് പ്ലാന്റിൽ തൊഴിലാളികളുടെ നേതൃത്വത്തിൽ ഇന്നലെ മുതൽ പണിമുടക്ക് ആരംഭിച്ചു. കമ്പനിയിലെ വിവിധ യൂണിയനുകൾ സംയുക്തമായാണ് സമരം നടത്തുന്നത്. ഹാൻഡിലിംഗ്,​ കയറ്റിറക്ക്,​ ലോറി തൊഴിലാളികൾ എന്നിവരാണ് പണിമുടക്കുന്നത്. ഹൗസ് കീപ്പിംഗ് തൊഴിലാളികളും സമരത്തിനുണ്ട്. കൊച്ചി പ്ലാന്റിലെ ജീവനക്കാർക്ക് ഒന്നാം ഡോസ് വാക്സിൻ ഇതിനോടകം തന്നെ നൽകിയതായും മേനംകുളം പാന്റിലെ ജീവനക്കാരോട് മാത്രം കമ്പനി അധികൃതർ വിവേചനം കാട്ടുന്നതായും തൊഴിലാളി യൂണിയനുകൾ ആരോപിച്ചു. കൊവിഡ് വ്യാപനം രൂക്ഷമായ കഠിനംകുളം പഞ്ചായത്ത് പരിധിയിലാണ് മേനംകുളം പ്ലാന്റിലെ തൊഴിലാളികളിൽ ഭൂരിഭാഗവും താമസിക്കുന്നത്. ഇതുവരെയും ഇവിടത്തെ ജീവനക്കാർക്ക് പരിശോധന നടത്താൻ പോലും കമ്പനി അധികൃതർ തയ്യാറായിട്ടില്ലെന്ന് തൊഴിലാളികൾ ആരോപിക്കുന്നു. കൊവിഡ് മുന്നണിപ്പോരാളികളായി ഈ വിഭാഗത്തിലെ തൊഴിലാളികളെ സർക്കാർ കണക്കാക്കാത്തതിനാലാണ് ഇവർക്ക് വാക്സിനേഷൻ നടത്താൻ കഴിയാത്തതെന്നാണ് കമ്പനി അധികൃതർ പറയുന്നത്. നിലവിൽ ഫീൽഡ് ജോലിയെടുക്കുന്ന തൊഴിലാളികൾക്കാണ് ഈ ആനുകൂല്യമുള്ളത്.