nasa

ഭൂമിയ്ക്ക് ഭീഷണിയാകുന്ന തരത്തിലെ ഛിന്നഗ്രഹങ്ങളെയും ധൂമക്കേതുക്കളെയും കണ്ടെത്തി ശാസ്ത്രലോകത്തിന് മുന്നറിയിപ്പ് നൽകുന്ന ഉപഗ്രഹവുമായി നാസ. നിയർ എർത്ത് ഒബ്ജക്ട് സർവേയർ ( എൻ.ഇ.ഒ സർവേയർ ) എന്ന ഈ ഉപഗ്രഹത്തിന്റെ പ്രിലിമിനറി ഡിസൈൻ ഘട്ടത്തിന് നാസ അംഗീകാരം നൽകിയിരിക്കുകയാണ്. ഛിന്നഗ്രഹങ്ങളെ തേടിയുള്ള ഈ ഉപഗ്രഹത്തിന്റെ വിക്ഷേപണം 2026ലാണ് നിശ്ചയിച്ചിരിക്കുന്നത്.

ഭൂമിയ്ക്ക് ഭീഷണിയായേക്കാവുന്ന ഛിന്നഗ്രങ്ങളെയും ധൂമകേതുക്കളേയും നാസ കണ്ടെത്തുന്നതിന്റെ വേഗത വർദ്ധിപ്പിക്കാൻ എൻ.ഇ.ഒ സർവേയറിന് സാധിക്കും. വിക്ഷേപിച്ച് ഒരു ദശാബ്ദത്തിനുള്ളിൽ 460 അടിയിലും അതിൽ കൂടുതലും വലിപ്പമുള്ള, ഭൂമിയ്ക്ക് സമീപം സൗരയൂഥത്തിൽ ഭ്രമണം ചെയ്യുന്ന 90 ശതമാനം ഛിന്നഗ്രഹങ്ങളെയും കണ്ടെത്തക്ക തരത്തിലാണ് എൻ.ഇ.ഒ സർവേയർ രൂപകല്പന ചെയ്യുന്നത്. 90 ശതമാനം ഛിന്നഗ്രഹങ്ങളെയും തിരിച്ചറിയുക എന്ന ധൗത്യം പൂർത്തിയാക്കാൻ നാസ 2005 മുതൽ പരിശ്രമിക്കുകയാണ്.

ഭൂമിയിൽ പതിച്ചാൽ കനത്ത നാശനഷ്‌ടങ്ങൾ വരുത്തിയേക്കാമെന്ന് കരുതുന്ന കുറഞ്ഞത് 460 അടി വ്യാസമുള്ള 40 ശതമാനം നിയർ എർത്ത് ഒബ്‌ജക്ടുകളെയാണ് നാസ കണ്ടെത്തിയിട്ടുള്ളത്. ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് എത്താൻ സാദ്ധ്യതയുള്ള ധൂമക്കേതുക്കളെയും ഛിന്നഗ്രഹങ്ങളെയുമാണ് നിയർ എർത്ത് ഒബ്‌ജക്ട് വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്.

ഏകദേശം ഒരു കിലോമീറ്റർ വ്യാസമെങ്കിലുമുള്ള ഛിന്നഗ്രഹത്തിനേ ഭൂമിയിൽ നാശനഷ്ടങ്ങൾ സൃഷ്ടിക്കാനാകൂ എന്നാണ് കരുതുന്നത്. പർവതത്തോളം വലിപ്പമുള്ള 90 ശതമാനം നിയർ എർത്ത് ഒബ്ജക്ടുകളെ നാസ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയൊന്നും ഭൂമിയ്ക്ക് ഭീഷണിയല്ല. ഭൂമിയിൽ നിന്ന് ഏകദേശം 930,000 മൈൽ അകലേക്കാണ് എൻ.ഇ.ഒ സർവേയറിനെ വിക്ഷേപിക്കുന്നത്.

1.6 അടി വ്യാസമുള്ള ടെലിസ്കോപ്പ്, സെൻസറുകൾ, ഇൻഫ്രാറെഡ് പ്രകാശം എന്നിവ ഉപയോഗിച്ചാണ് ഭൂമിയ്ക്ക് ഭീഷണിയായേക്കാവുന്ന ഛിന്നഗ്രഹങ്ങളേയും ധൂമക്കേതുക്കളേയും ഈ ഉപഗ്രഹം തിരിച്ചറിയുക. പലപ്പോഴും നിരീക്ഷണ ഉപകരണങ്ങളിൽ പെടാതെ പോകുന്ന ഭൂമിയ്ക്ക് നേരെ വരുന്നതോ അല്ലെങ്കിൽ ഭൂമിയ്ക്ക് സമീപത്തേക്ക് വരുന്നതോ ആയ വസ്തുക്കളെ തിരിച്ചറിയാൻ ശാസ്ത്രജ്ഞരെ ഇൻഫ്രാറെഡ് പ്രകാശം സഹായിക്കും.

നിലവിൽ ഭൂമിയിൽ നിന്നും റഡാർ സിസ്റ്റങ്ങളിൽ നിന്നും ശേഖരിക്കുന്നതിനൊപ്പം തന്നെ ഛിന്നഗ്രഹങ്ങളെ സംബന്ധിച്ച കൂടുതൽ നിർണായക വിവരങ്ങൾ കൈമാറാൻ എൻ.ഇ.ഒ സർവേയറിന് സാധിക്കും. 500 മില്യൺ മുതൽ 600 മില്യൺ ഡോളർ വരെയാണ് എൻ.ഇ.ഒ സർവേയറിന് പ്രതീക്ഷിക്കുന്ന ചെലവ്.