ബാലരാമപുരം: യോഗയുടെ പ്രാധാന്യവും ആസനമുറകളും ചെറുപ്രായത്തിലെ ഗൃഹസ്ഥമാക്കിയ അഞ്ചര വയസുകാരന്റെ കരവിരുത് നാട്ടിൽ ചർച്ചാവിഷയമാവുകയാണ്. നെയ്യാർഡാമിലെ വിശാലമായ ജലപരപ്പിൽ പത്മാസനത്തിൽ ശയിച്ചാണ് വീരണകാവ് പുന്നയ്ക്കാലവിള പുത്തൻവീട്ടിൽ മണികണ്ഠന്റെയും പ്രീതയുടെയും മൂത്തമകനായ ആദിത്യൻ ശ്രദ്ധയാകർഷിച്ചത്. ആദിത്യനെ യോഗയിലേക്ക് കൈ പിടിച്ചുയർത്തിയത് മണികണ്ഠന്റെ പ്രചോദനമാണ്. ശിവ മർമ്മ കളരി ആൻഡ് യോഗ സെൻറിന്റെ അഞ്ചാമത്തെ സെന്ററായ കാട്ടാക്കട വീരണകാവ് ബ്രാഞ്ചിൽ യോഗ കളരി അഭ്യസിക്കുന്ന ആദിത്യൻ അഷ്ടകുംഭ പ്രാണായാമത്തിൽ ഏറെ മനസാന്നിധ്യവും വൈദഗ്ദ്ധ്യവും വേണ്ട പ്ലാവിനി പ്രാണായാമവും പരിശീലിക്കുകയാണ്. നെടുവൻ തറട്ട ഗവൺമെന്റ് എൽ.പി.എസിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. യോഗ കളരി അദ്ധ്യാപകരായ സുരേഷ് കുമാർ ഗുരുക്കളും പ്രിയ ടീച്ചറുമാണ് ആദിത്യനെ യോഗയുടെ പാതയിലേക്ക് നയിക്കുന്നത്. പഠനത്തോടൊപ്പം യോഗയ്ക്കും സമയം ചെലവിടുന്ന ആദിത്യൻ മറ്റ് വിദ്യാർത്ഥികൾക്ക് മാതൃകയാവുകയാണ്.
ഫോട്ടോ -പത്മാസന ശയനത്തിൽ ആദിത്യൻ