തൃക്കാക്കര: ജില്ലയിൽ ജനമൈത്രി പൊലിസ് സംവിധാനം ശക്തി പ്പെടുത്തുവാൻ ഒരുങ്ങുന്നു സിറ്റി പൊലിസ്.സ്ത്രീകൾക്കും,കുട്ടികൾക്കുമെതിരെയുളള അതിക്രമങ്ങൾ പെരുകുന്നതായുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ജനമൈത്രി പൊലീസിന്റെ പ്രവർത്തനം ശക്തിപ്പെടുത്താൻ ഒരുങ്ങുന്നത്.
അടുത്തിടെ എറണാകുളത്ത് സെൻട്രൽ സ്റ്റേഷന്റെ പരിധിയിൽ ഒരു ഫ്ളാറ്റിൽ 15 ദിവസത്തോളം ഒരു യുവതിയെ മുറിയിൽ അടച്ചിട്ട് പീഡിപ്പിച്ച സംഭവമാണ് ഇപ്പോൾ പൊലിസിന്റെ കണ്ണും - കാതും തുറപ്പിച്ചത്. യുവതി സ്വയം രക്ഷപ്പെട്ട് സെൻട്രൽ പൊലിസ് സ്റ്റേഷനിൽ എത്തി അറിയിച്ചപ്പോഴാണ് പൊലീസ് വിവരം അറിയുന്നത്. ഒരു വർഷത്തോളമായി ജനമൈത്രി പൊലീസ് പ്രവർത്തനങ്ങൾ നിർജീവമായിട്ട്.
ജില്ലയിൽ വിവിധ മേഖലകളിൽ ജനമൈത്രി പൊലിസിന്റെ പെട്രോളിംഗ് ശക്തിപ്പെടുത്തുന്നത്തിന്റെ ഭാഗമായി തൃക്കാക്കരയിൽ ട്രക്കിന്റെ നേതൃത്വത്തിൽ തൃക്കാക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ റസിഡൻസ് അസോസിയേഷനുകളെ സഹകരിപ്പിച്ചു കൊണ്ട് കഴിഞ്ഞ ദിവസം സ്റ്റേഷൻ ഓഫീസർ ധനപാലൻ ഓൺലൈൻ മീറ്റിംഗ് സംഘടിപ്പിച്ചു. സ്ത്രീകൾക്കും, കുട്ടികൾക്കുമെതിരെ നടക്കുന്ന കുറ്റകൃത്യങ്ങൾ ഇല്ലായ്മ ചെയ്യുവാൻ റസിഡൻസ് അസോസിയേഷനുകളും പൊലീസും ഒന്നിച്ച് നിൽക്കണമെന്ന് എസ്.എച്ച്. ഒ ധനപാലൻ പറഞ്ഞു. പൊലീസ് ദിവസത്തിൽ രണ്ടു പ്രാവശ്യം പട്രോളിംഗ് നടത്തുന്നുണ്ടെന്നും ശ്രദ്ധയിൽ പെടുന്ന കാര്യങ്ങൾ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചാൽ കൂടുതൽ നടപടികളെടുക്കാൻ കഴിയുമെന്നും എസ്.ഐ.റഫീക് പറഞ്ഞു. പൊലീസിനെ അറിയിക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്തുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ട്രാക്ക് പ്രസിഡന്റ് കെ.എം.അബ്ബാസ് അദ്ധ്യക്ഷത വഹിച്ചു. ജനമൈത്രി പൊലീസ് മീറ്റിംഗ് എല്ലാ മാസവും ചേരാമെന്നും തീരുമാനിച്ചു. ട്രാക്ക് ഭാരവഹികളായ സലീം കുന്നുംപുറം, ടി.കെ.മുഹമ്മദ്, വി.എൻ.പുരുഷോത്തമൻ ,പ്രീതി, പി.എം.ബഷീർ എന്നിവർ സംസാരിച്ചു.30 ഓളം റസിഡസിന് അസോസിയേഷനുകൾ യോഗത്തിൽ പങ്കെടുത്തു.
യോഗത്തിൽ
പരാതികളേറെ
ഫ്ളാറ്റുകളും, ഒറ്റപ്പെട്ട വീടുകളും കേന്ദ്രീകരിച്ച് കുറ്റകൃത്യങ്ങൾ കൂടുന്നു.മയക്കുമരുന്നുകളുടെ കച്ചവടങ്ങളും നടക്കുന്നു.ഒരു ഫ്ളാറ്റിലെ ഒന്നിലധികം വീടുകൾ ഒന്നിച്ച് വാടകയ്ക്കും, ലീസിനും എടുത്ത് കൂടിയ തുകക്ക് മറിച്ച് വാടകയ്ക്ക് കൊടുക്കുബോൾ വരുന്ന ആളെ കുറിച്ച് ഒരന്വേഷണവും നടത്തുന്നില്ല.
കാക്കനാട് പാട്ടുപുര നഗർ,അമ്പലപ്പാറ, കീരേരിമല ,തുതിയൂർ ഇന്ദിരാനഗർ, ബി.എം നഗർ എന്നിവിടങ്ങളിൽ രാത്രി കാലങ്ങളിൽ ഇരു ചക്രവാഹനങ്ങളിൽ കൂട്ടമായി എത്തി മയക്കുമരുന്നുകളുടെ ഇടപാടുകൾ നടക്കുന്നുണ്ട്. പ്രദേശവാസികൾ ഭയം മൂലം പൊലീസിനെ അറിയിക്കുന്നില്ല.
തൃക്കാക്കര മേഖലയിൽ പൊതു യിടങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെ നടപടി ഉണ്ടാകണം.