പാറശാല: ബൈക്കപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. ഇക്കഴിഞ്ഞ 15ന് രാത്രി 10.30 ഓടെ ദേശീയ പാതയിൽ ഉദിയൻകുളങ്ങര പെട്രോൾ പമ്പിന് സമീപത്തുണ്ടായ അപകടത്തിലാണ് കുറുങ്കുട്ടി കുഴിഞ്ഞാൻവിള ശരത് ഭവനിൽ സെൽവകുമാർ - ഗീത ദമ്പതികളുടെ മകൻ ശരത് ലാൽ (28) മരിച്ചത്.
രാത്രിയിൽ ബൈക്കിൽ പാറശാലയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകവേ ബൈക്കിന്റെ നിയന്ത്രണം തെറ്റിയതാണ് അപകടകാരണം. തിരുവനന്തപുരത്ത് താമസിക്കുന്ന ശരത് ലാൽ കൂട്ടുകാരെ കാണാനാണ് പാറശാലയിലെത്തിയത്. രാത്രിയിൽ മദ്യപിച്ച് നിലതെറ്റിയ ശരത് ലാലിനെ കൂട്ടുകാർ ചേർന്ന് ബൈക്കിൽ കയറ്റി വിടുകയായിരുന്നു എന്നാണ് അറിഞ്ഞത്. അപകടമുണ്ടായതറിഞ്ഞ് സ്ഥലത്തെത്തിയ കൂട്ടുകാർ ബൈക്കിലുണ്ടായിരുന്ന മദ്യക്കുപ്പി മാറ്റിയതായും ബന്ധുക്കൾ പറയുന്നു. മരണത്തിൽ ദുരൂഹതയുള്ളതിനാൽ ഇതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി നിയമത്തിന് മുന്നിൽ എത്തിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രി, ഉന്നത പൊലീസ് അധികാരികൾ തുടങ്ങിയവർക്ക് പരാതി നൽകി.