പൂവാർ: ഓരോദിനവും കഴിയും തോറും തീരദേശവാസികൾ കടുത്ത ദുരിതത്തിലേക്ക് വീഴുകയാണ്. മഴ തുടരെ ലഭിക്കുന്നുണ്ടെങ്കിലും ഇവിടുത്തെ ജനങ്ങൾക്ക് കുടിക്കാൻ ശുദ്ധജലം മാത്രം ലഭിക്കാറില്ല. ഒപ്പം മാലിന്യനിർമ്മാർജനം കൂടി നിലച്ചതോടെ ആകെ ദുരിതത്തിലാണ് ഇവർ കഴിയുന്നത്. കൊവിഡ് മഹാമാരി പടരുന്ന സാഹചര്യത്തിലും കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ട അവസ്ഥയിലാണ് ഇവർ. കാരോട്, കുളത്തൂർ, പൂവാർ, കരുംകുളം, കോട്ടുകാൽ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളിലെ തീരദ്ശ വാർഡുകളിലാണ് ശുദ്ധജല ക്ഷാമവും മാലിന്യ പ്രശ്നങ്ങളും രൂക്ഷമാകുന്നത്.
ആഴ്ചയിൽ ഒന്നോ രണ്ടോ പ്രാവശ്യമാണ് പൊതു ടാപ്പിൽ വെള്ളമെത്തുന്നത്. ആതും ചെളികലർന്ന വെള്ളം. പല സ്ഥലങ്ങളിലും പൈപ്പുകൾ പൊട്ടി ഒഴുകുന്നതും നിത്യ കാഴ്ചയാണ്. പൈപ്പ് പൊട്ടി പുറത്തേക്കൊഴുകുന്ന വെള്ളം ഇതേ പൈപ്പ് വഴി തിരിച്ചൊഴുകി ഉപഭോക്താക്കളിലേക്കും എത്തുന്നുണ്ട്. വെള്ളം കിട്ടാതാകുമ്പോൾ ഇത്തരത്തിൽ ഒഴുകുന്ന വെള്ളം ശേഖരിക്കേണ്ട ഗതികേടിലാണ് പലരും. കൊവിഡും ചുഴലിക്കാറ്റും കാരണം വറുതിയിലായ തീരദേശവാസികൾക്ക് ശുദ്ധമായി കുടിവെള്ളം കൂടി കിട്ടാത്ത അവസ്ഥയിലാണ്. ഒപ്പം അവിടവിടായി കുന്നുകൂടുന്ന മാലിന്യത്തിൽ നിന്നും ഏതുനിമിഷിവും പകർച്ചവ്യാധികൾ പടരുമെന്ന ഭീഷണിയും ജനങ്ങളെ അലട്ടുന്നുണ്ട്.
തീരം തൊടാതെ കുടിവെള്ളം
കരിച്ചൽ കായലിലെ വെള്ളമാണ് തീരദേശത്തുള്ളവർക്ക് ലഭിക്കുന്നത്. എന്നാൽ ഈ പമ്പ്ഹൗസ് പണിമുടക്കിയിട്ട് നാളുകളായി. ഇവിടുത്തെ മോട്ടറുകൾ പലതും പ്രവർത്തന രഹിതമാണ്. സമയബന്ധിതമായി മെയിന്റനൻസ് വർക്കുകൾ നടത്താറില്ലെന്നും ജലത്തിന്റെ ശുദ്ധത ഉറപ്പുവരുത്താനും കഴിയാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. വിലകൊടുത്ത് വാങ്ങാമെന്ന് കരുതിയാൽ അതും എത്രത്തോളം ശുദ്ധമാണെന്നതിൽ ഉറപ്പില്ല. തീരദേശത്തെ ശുദ്ധജലക്ഷാമം പരിഹരിക്കാൻ നിർമ്മിച്ച കുമിളി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിലെ വെള്ളം ഇതുവരെയും തീരം തൊട്ടിട്ടില്ല. കോരിച്ചൊരിയുന്ന മഴയിലും കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന ദുർഗതിയിലാണ് നാട്ടുകാർ.
കടൽക്ഷോഭത്തിൽ കരയിലെത്തിയ മാലിന്യങ്ങളും ജനവാസ കേന്ദ്രങ്ങളിൽ മലിനജലം കെട്ടിക്കിടക്കുകയാണ്. കടലിലേക്ക് വെള്ളം ഒഴുക്കിവിടാൻ നിർമ്മിച്ച അഴുക്കുചാലിലെ ഒഴുക്ക് നിലച്ചിട്ട് മാസങ്ങളായി
നഗരങ്ങളിലെ അറവ് മാലിന്യം ഉപേക്ഷിക്കുന്നതും തീരപ്രദേശങ്ങളിലാണ്.
കടലിൽ സംഘമിക്കുന്ന നെയ്യാറും കരിച്ചൻ കായലും ഇപ്പോൾ മാലിന്യവാഹികളാണ്
ഭീതിയോടെ ജനങ്ങൾ
മഴ തുടങ്ങിയതിന് ശേഷം കരുംകുളത്ത് ഡെങ്കിപ്പനി സ്ഥിരീകിച്ചിരുന്നു. ഇത് ജനങ്ങളിൽ ഭീതിയുയർത്തിയിരിക്കുകയാണ്. മുൻകാലങ്ങളിലിൽ കോളറ പോലുള്ള രോഗങ്ങളും തീരത്ത് പടർന്നുപിടിച്ചിരുന്നു. കൊവിഡ് ഭീതിയിൽ നിന്നും മുക്തിനേടാൻ തീരത്തെ ജനങ്ങൾ പെടാപ്പാട് പെടുമ്പോൾ മറ്റ് പകർച്ചാവ്യാധികളെ കൂടി പേടിക്കേണ്ട അവസ്ഥയിലാണ് ഇവർ. കരുംകുളം, കുളത്തൂർ ഗ്രാമപഞ്ചായത്തുകളിൽ വൈകിയാണെങ്കിലും ശുചീകരണം ആരംഭിച്ചു. എന്നാൽ മറ്റ് പഞ്ചായത്തുകളിൽ ഇതുവരെ പ്രവർത്തനം ആരംഭിച്ചിട്ടില്ല.
തീരദേശത്ത് ശുദ്ധജലം ഉറപ്പുവരുത്താൻ കരിച്ചൽ കായലിനെ ഉപയോഗപ്പെടുത്തി ആധുനിക വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കണം. കൂടാാതെ 50 വർഷത്തിലധികം പഴക്കമുള്ളതും വ്യാസം കുറഞ്ഞതുമായ പൈപ്പുകൾ മാറ്റി, പകരം പുതിയത് സ്ഥാപിക്കണം. മാലിന്യ നിർമ്മാർജ്ജനത്തിന് സ്ഥിരം സംവിധാനം വേണം. അറവ് മാലിന്യം ഉപേക്ഷിക്കാൻ എത്തുന്നവരെ കണ്ടെത്താൻ സംവിധാനം ഉണ്ടാവണം. പകർച്ചാവ്യാധി നേരിടാൻ സംവിധാനം ഒരുക്കണം.
വിർജിൻ, പരിസ്ഥിതി പ്രവർത്തകൻ