വെഞ്ഞാറമൂട്: പുറമ്പോക്ക് ഭൂമിയിൽ നിന്ന മരം മുറിച്ചുകടത്തിയെന്ന പരാതിയിൽ അടൂർ പ്രകാശ് എം.പി സ്ഥലം സന്ദർശിച്ചു. വെഞ്ഞാറമൂട് തണ്ട്രാംപൊയ്കക്ക് സമീപം അയിലൂർക്കോണത്തുള്ള പുറമ്പോക്ക് ഭൂമിയിൽ നിന്നാണ് മരങ്ങൾ കടത്തിയത്. തേക്കും ആഞ്ഞിലിയുമുൾപ്പെടെയുള്ള മരങ്ങൾ മുറിച്ചുമാറ്റിയിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് നാട്ടുകാർ പരാതിനൽകിയത്.
സംഭവവുമായി ബന്ധപ്പെട്ട് ഒരാഴ്ച മുമ്പ് പാലോട് ഫോറസ്റ്റ് റേഞ്ച് അധികൃതർ വസ്തു ഉടമയുടെ വീട്ടിലും സ്ഥാപനത്തിലുമെത്തി തെളിവെടുപ്പ് നടത്തിയെങ്കിലും നടപടിയുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് എം.പി ആവശ്യപ്പെട്ടു.
നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ രാജേന്ദ്രൻ, വൈസ് പ്രസിഡന്റ് കീഴായിക്കോണം സോമൻ, അംഗങ്ങളായ അഡ്വ. വെഞ്ഞാറമൂട് സുധീർ, മാണിക്കമംഗലം ബാബു, നെല്ലനാട് ഹരി കോൺഗ്രസ് നേതാക്കളായ ആനാട് ജയൻ, ജി. പുരുഷോത്തമൻ നായർ, സനൽകുമാർ, മഹേഷ് ചേരിയിൽ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.