forast

വിതുര: ഓൺലൈൻ പഠനസൗകര്യമില്ലാത്ത നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പേപ്പാറ വന്യജീവി സങ്കേതത്തിലെ വനപാലകർ സ്മാർട്ട് ഫോണും പഠനോപകരണങ്ങളും നൽകി. വിതുര ഗവൺമെന്റ് യു.പി.സ്കൂളിലെ വിദ്യാർത്ഥികളും വിതുര തേമല ലക്ഷംവീട് കോളനിയിൽ സിന്ധുവിന്റെ മക്കളുമായ ആകാശിനും അക്ഷയയ്ക്കുമാണ് ഫോൺ നൽകിയത്. വിദ്യാർത്ഥികളുടെ പിതാവ് മൂന്ന് വർഷം മുൻപ് മരണപ്പെട്ടിരുന്നു. ലോക്ക്ഡൗൺ വന്നതോടെ സിന്ധുവിൻെറ തൊഴിലും നഷ്ടപ്പെട്ടു. വിദ്യാർത്ഥികളുടെ ദുരിതമറിഞ്ഞ് പേപ്പാറ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാ‌ർഡൻ സി.കെ. സുധീറിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം വീട്ടിലെത്തി വിവരങ്ങൾ അന്വേഷിക്കുകയും പഠനോപകരണങ്ങൾ എത്തിക്കുകയുമായിരുന്നു.

caption: വിതുര ഗവൺമെന്റ് യു.പി.സ്കൂളിലെ വിദ്യാർത്ഥികളായ ആകാശിനും അക്ഷയയ്ക്കും പേപ്പാറ അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സി.കെ. സുധീർ സ്മാർട്ട്ഫോൺ നൽകുന്നു.