muhammed-tanseel

പെരിന്തൽമണ്ണ: സോഷ്യൽ മീഡിയകളിൽ മുഖ്യമന്ത്രി പിണറായി വിജയനും, കേരളത്തിന്റെ ഭൂപടവും, അരിവാൾ ചുറ്റിക നക്ഷത്രവും, മഹാത്മാഗാന്ധിയും, ചെഗുവേരയും, മാറഡോണയുമെല്ലാം തെങ്ങോലയിലും, ആലിലയിലും മിന്നിത്തിളങ്ങുന്ന വിസ്മയ കാഴ്ചയായി നിറയുമ്പോൾ അതിന് പിന്നിൽ പ്രവർത്തിച്ച മാന്ത്രിക കരങ്ങൾ ആരുടേതെന്ന് അറിയാൻ ഏവർക്കും കൗതുകമുണ്ടാവും. അത് മറ്റാരുമല്ല, മങ്കട ഗവ. ഹൈസ്‌കൂളിൽ പത്താം ക്ലാസുകാരനായ മങ്കട മേലോട്ടുകാവിലെ മുഹമ്മദ് തൻസീൽ എന്ന 15 കാരനാണ്. ഇതിനുമുമ്പും തൻസീൽ നിരവധി ചിത്രങ്ങൾ തെങ്ങോലയിൽ തീർത്തിട്ടുണ്ട്.
ലീഫ് ആർട്ടിൽ വിദഗ്ദനായ ഈ കുട്ടി തെങ്ങോലയിലും മറ്റും മാർക്കർ ഉപയോഗിച്ച് ചിത്രങ്ങൾ വരച്ച ശേഷം ബ്ലേഡ് ഉപയോഗിച്ച് കട്ട് ചെയ്‌തെടുക്കുകയാണ് ചെയ്യുന്നത്. പഠനത്തിന്റെ ഇടവേളകളിലാണ് ഇത് ചെയ്യുന്നത്. ചിത്രംവരയോട് അതീവ താത്പ്പര്യമുണ്ട്. രണ്ട് കൈ കൊണ്ടും ഒരു പോലെ ചിത്രം വരക്കുന്ന തൻസിൽ നാലാം ക്ലാസ് മുതൽ ചിത്രംവര തുടങ്ങി. ഇപ്പോൾ ലോക്ഡൗൺ സമയത്താണ് ഈ വ്യത്യസ്ത ചിത്രരചനയിലേക്ക് കൂടുതൽ ശ്രദ്ധചെലുത്തിയത്. പത്താം ക്ലാസ് പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്ന ഈ മിടുക്കൻ പ്ലസ് ടു പഠനത്തിനൊപ്പം ചിത്രംവര കോഴ്‌സുകളും ചെയ്യണമെന്നും ആർക്കി ടെക്ച്ചറൽ സാദ്ധ്യതയുള്ള ഉപരിപഠന മേഖയിലേക്ക് കടക്കുവാനുമാണ് താത്പര്യം. മാതാപിതാക്കളായ പരിയംകണ്ടൻ അബ്ദുൽ മുനീറും സുഫൈറാ ബാനുവും പ്രോത്സാഹനവുമായി ഒപ്പമുണ്ട്. സമീജ, സൻഹ എന്നിവരാണ് സഹോദരങ്ങൾ.