നഷ്ടത്തിൽ മുങ്ങിത്താഴ്ന്നു കഴിഞ്ഞ കെ.എസ്.ആർ.ടി.സിയിൽ ശമ്പള പരിഷ്കരണത്തിനുള്ള ചർച്ച നടക്കുകയാണിപ്പോൾ. ഇതോടൊപ്പം സംസ്ഥാനത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനത്തെ പുനരുദ്ധരിക്കാനുള്ള ആലോചനയും മറ്റൊരു ഭാഗത്ത് നടന്നുവരികയാണ്. വർഷങ്ങളായി തുടരുന്ന അഭ്യാസമാണിത്. പഠനങ്ങളും വസ്തുതാന്വേഷണങ്ങളും ശുപാർശകളും ധാരാളം വന്നെങ്കിലും ഒരു ഫലവും ഉണ്ടായിട്ടില്ല. ഇതര മേഖലകളിൽ രണ്ടുവട്ടം ശമ്പള പരിഷ്കരണം നടന്നപ്പോൾ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് അതിനു ഭാഗ്യമുണ്ടായില്ല. കാരണം ജീവനക്കാർക്കും നന്നായി ബോദ്ധ്യമുണ്ട്. നിലവിലെ ശമ്പളം നൽകാൻ പോലും ഞെരുങ്ങുന്ന സ്ഥാപനത്തിന് എങ്ങനെയാണ് അധിക സാമ്പത്തിക ബാദ്ധ്യത ഏറ്റെടുക്കാനാവുക?
കെ.എസ്.ആർ.ടി.സിയെ ഗ്രസിച്ചിട്ടുള്ള രോഗത്തെക്കുറിച്ച് വിദഗ്ദ്ധർക്ക് നല്ല നിശ്ചയമുണ്ട്. എളുപ്പം ചികിത്സിച്ചു ഭേദമാക്കാമെന്ന പ്രതീക്ഷയുമില്ല. മേജർ ശസ്ത്രക്രിയ മാത്രമാണ് പരിഹാരമെന്നും അറിയാം. ഉത്തരവാദപ്പെട്ടവർ അതിനു തയ്യാറായി മുന്നോട്ടു വരുന്നില്ലെന്നതാണ് സ്ഥാപനം നേരിടുന്ന ദുരന്തം.
ജീവനക്കാരുടെ അംഗീകൃത സംഘടനകളുമായി ദീർഘകാല കരാറുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ. ഒരു ബസിന് ശരാശരി അഞ്ച് എന്ന തോതിൽ ജീവനക്കാരെ പുനർവിന്യസിക്കാനാണ് ആലോചന. വരവിന്റെ ഇരട്ടിയിലധികമാണ് ഓരോ മാസവും ചെലവ്. ഒരിക്കലും കൂട്ടിമുട്ടാത്ത വരവു ചെലവുകളുമായി എത്രനാൾ മുന്നോട്ടു പോകാനാവും. അടുത്ത അഞ്ചുവർഷത്തേക്ക് പുതിയ നിയമനങ്ങൾ നിറുത്തിവച്ചുകൊണ്ട് പുനഃസംഘടന നടത്തി പ്രവർത്തനച്ചെലവു കുറയ്ക്കാനാണ് ആലോചന . ഒരു ബസ് സ്റ്റോപ്പ് മാറ്റിസ്ഥാപിക്കാൻ പോലും സംഘടനകളുടെ അനുമതി വേണമെന്ന സ്ഥിതിയുള്ളപ്പോൾ വലിയ മാറ്റങ്ങൾ ഏറ്റെടുക്കാനാവുമോ എന്ന ചോദ്യമുയരുക സ്വാഭാവികമാണ്.
ഇപ്പോഴത്തെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് കെ.എസ്.ആർ.ടി.സിയെ കരകയറ്റാനാകുമെന്ന് കടുത്ത ശുഭാപ്തി വിശ്വാസികൾ പോലും പറയില്ല. അത്രയേറെ സങ്കീർണമാണ് പ്രശ്നങ്ങൾ. സുഗമമായ നടത്തിപ്പിനു സാദ്ധ്യമാകും വിധം വികേന്ദ്രീകൃത സംവിധാനം ഏർപ്പെടുത്താനുള്ള ശുപാർശയ്ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.
കെ.എസ്.ആർ.ടി.സി മേലുള്ള സർക്കാരിന്റെ നിയന്ത്രണം മതിയാക്കി അതിനെ സ്വന്തം നിലയ്ക്ക് പോകാൻ അനുവദിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ട സമയമായി. എല്ലാ മാസവും ജീവനക്കാർക്കു ശമ്പളം നൽകാൻ സർക്കാരിനു മുമ്പിൽ കൈനീട്ടി നിൽക്കേണ്ടിവരുന്ന ദുർഗതി ഇല്ലാതാകണമെങ്കിൽ സ്വന്തം കാലിൽ നിൽക്കാനുള്ള കരുത്താർജ്ജിക്കണം. മാനേജ്മെന്റും നടത്തിപ്പു രീതികളും അടിമുടി മാറണം. പുതിയ ബസുകൾ വേണം. ജീവനക്കാർ കൃത്യമായി പണിയെടുക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള മാനേജ്മെന്റ് സംവിധാനങ്ങൾ വേണം. വെട്ടിപ്പും തട്ടിപ്പും പാടേ ഇല്ലാതാകണം. യാത്രക്കാരെ ആകർഷിക്കാൻ പുതിയ പ്രവർത്തന ശൈലി ആവിഷ്കരിക്കണം. ജോലി ചെയ്താലുമില്ലെങ്കിലും ശമ്പളം ഉറപ്പാണെന്നു ബോദ്ധ്യമുള്ളതിനാലാണ് എല്ലാ രംഗത്തും കാണുന്ന അരാജകത്വം.
കെ.എസ്.ആർ.ടി.സിയെ ഒരു സംയുക്ത സംരംഭമായി മാറ്റാനാകുമോ എന്ന് ആലോചിക്കാവുന്നതാണ്. സർക്കാരും കെ.എസ്.ആർ.ടി.സി മാനേജ്മെന്റും ജീവനക്കാരും പൊതുജനങ്ങളും ചേർന്നുകൊണ്ടുള്ള ഒരു സംരംഭത്തിന് വലിയ സാദ്ധ്യതയാവും തുറന്നുകിട്ടുക. രാജ്യത്തിനു തന്നെ മാതൃകയായി മാറിയ 'സിയാൽ" മുന്നിലുണ്ട്. അതേ നിലയിൽ കെ.എസ്.ആർ.ടി.സിയെയും പരിവർത്തനം ചെയ്യാം. കേൾക്കുമ്പോൾ അസ്വീകാര്യമെന്നു തോന്നാമെങ്കിലും പലതും പരീക്ഷിച്ച് പരാജയപ്പെട്ട സാഹചര്യത്തിൽ ഈ പുതിയ വഴിയും നോക്കാവുന്നതാണ്. ഗതാഗത നയരൂപീകരണം സർക്കാരിന്റെ അധികാര പരിധിയിൽപ്പെട്ടതാകാം. എന്നാൽ ബസ് നടത്തിപ്പ് ഏറ്റെടുക്കേണ്ട ബാദ്ധ്യത സർക്കാരിനില്ല.