പാറശാല: താലൂക്കിലെ വിദ്യാഭ്യാസ മേഖല എന്നറിയപ്പെടുന്ന ധനുവച്ചപുരം ഗ്രാമം ഇന്ന് ലഹരി വസ്തുക്കളുടെ കേന്ദ്രമായി മാറുകയാണ്. വ്യാജവാറ്റും കഞ്ചാവ് വില്പനയുമെല്ലാം ഇവിടെ സജീവം. യുവതലമുറയെ ലക്ഷ്യമിട്ടിരിക്കുന്ന ലഹരി വ്യാപാരം വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുമ്പോഴും തുടരുന്നത് ജനങ്ങളിൽ ആശങ്കയ്ക്ക് വഴിയൊരുക്കുന്നുണ്ട്. ലഹരി മിഠായികളിൽ തുടങ്ങി വിലപിടിപ്പുള്ള ലഹരി വസ്തുക്കൾവരെ ഇവിടെ ലഭിക്കുമെന്ന അവസ്ഥയായി. പാൻപരാഗ് പോലുള്ള ലഹരി വസ്തുക്കളും വ്യാജവാറ്റും മറ്റ് മദ്യവും ഇവിടെ സുലഭം. ഒപ്പം കഞ്ചാവും മയക്കുമരുന്നും. ആർട്സ് ആൻഡ് സയൻസ് കോളേജ്, പ്രൊഫഷണൽ എൻജിനിയറിംഗ് കോളേജ്, ഐ.ടി.ഐ, പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള സ്‌കൂളുകൾ, അൺഎയ്ഡഡ് സ്‌കൂളുകൾ തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിച്ചുവരുന്ന വിദ്യാഭ്യാസ മേഖലയാണ് ഇപ്പോൾ ലഹരി മാഫിയ കീഴ്പ്പെടുത്തുന്നത്.

 മുമ്പ് പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികൾ ലഹരിക്ക് അടിമകളായി മാറിയിരുന്നു

 അന്ന് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് മുളച്ചുവന്ന ലഹരി വ്യാപാരത്തെ പൊലീസ് തടഞ്ഞിരുന്നു.

എന്നാൽ പൊലീസ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലേക്ക് തിരിഞ്ഞതോടെ ഇവർ വീണ്ടും മുളച്ചു.

 കോളേജ് തലം മുതൽ സ്കൂൾ കുട്ടികൾ വരെ ഇവരുടെ പട്ടികയിലുണ്ട്.

 രാത്രികാലങ്ങളിൽ പല കേന്ദ്രങ്ങളിലും വ്യാജവാറ്റ് നടക്കുന്നതായും പരാതി

 ഇടനിലക്കാർ ഏറെ

കർണാടകയിൽ നിന്നും തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിൽ എത്തിച്ച ശേഷം അതിർത്തിയിലെ ഇടവഴികളിലൂടെ ഇവിടെ എത്തിക്കുകയാണ് ചെയ്യുന്നത്. മൊത്ത ഏജന്റന്മാർക്ക് കൈമാറുന്ന കഞ്ചാവ് മറ്റ് ലഹരി വസ്തുക്കളും ഏജന്റുമാർ മുഖേന ബൈക്കുകളിൽ താലൂക്കിലെ വിവിധ മേഖലകളിലെ ചെറുകിട കച്ചവടക്കാരിലേക്ക് എത്തിക്കും. കഞ്ചാവ് കച്ചവടത്തിലൂടെ കൂടുതൽ നേട്ടം കിട്ടുന്നതിനാൽ നിരവധി പേർ ദിവസ വേതനക്കാരായും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. പാറശാല പൊലീസിന്റെയും അമരവിള എക്‌സൈസിന്റെയും പരിധിയിലുള്ള പ്രദേശം കഞ്ചാവിന്റെ വിപണന കേന്ദ്രമായി മാറിയത് അധികാരികളെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്.

പ്രതികരണം: താലൂക്കിലെ വിദ്യാഭ്യാസ മേഖല എന്നറിയപ്പെടുന്ന ധനുവച്ചപുരത്തെ ലഹരി മാഫിയാസംഘത്തിന്റെ പ്രവർത്തനങ്ങൾക്കെതിരെ കൊവിഡ് കാലഘട്ടത്തിലെങ്കിലും ശക്തമായ നടപടികളിലൂടെ ഇല്ലാതാക്കാൻ അധികാരികൾ അടിയന്തര നടപടികൾ സ്വീകരിക്കണം.

നാട്ടുകാർ.