പാലോട്: പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസിന് സമീപം ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച യുവാവ് പിടിയിലായി. ലോക്ക് ഡൗണിനെ തുടർന്ന് സ്ഥാപിച്ച ചെക്കിംഗ് പോയിന്റിൽ പരിശോധന നടത്തുന്നതിനിടെയാണ് വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറുകയും കൂടെയുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതിനും ഭരതന്നൂർ ആരാധനയിൽ നന്ദു എന്നു വിളിക്കുന്ന ആരോമലിനെ (23) പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ദിവസം വൈകിട്ട് 6ന് കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാതെ എത്തിയ ഇയാളെ പൊലീസ് തടഞ്ഞിരുന്നു. തുടർന്ന് അക്രമണകാരിയായി ഇയാൾ സംഘർഷാവസ്ഥ സൃഷ്ടിച്ചു. പാലോട് സി.ഐ സി.കെ. മനോജിന്റെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘമാണ് ഇയാളെ പിടികൂടി സ്റ്റേഷനിലെത്തിച്ചത്.

സ്റ്റേഷനിലും ഇയാൾ വസ്തുക്കൾ നശിപ്പിച്ചു. കഞ്ചാവ് വില്പനയുമായി ബന്ധപ്പെട്ട് വാമനപുരം എക്സൈസ് സംഘം ഇയാളെ മുൻപ് അറസ്റ്റു ചെയ്തിരുന്നു. നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ അക്രമം കാണിച്ചതിന് ഇയാൾക്കെതിരെ നിലവിൽ കേസുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.