തിരുവനന്തപുരം:നഗരത്തിലെ പ്രധാന പ്രശ്നമായ വെള്ളക്കെട്ടിന് പരിഹാരം കാണാൻ ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനത്തിന് നിർദ്ദേശം നൽകിയതായി മന്ത്രി പി.എ മുഹമ്മദ് റിയാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നഗരത്തിലെ 11 റോഡുകളുടെ നിർമാണ ജോലികളുടെ 80 ശതമാനം പൂർത്തിയായി. വിവിധ ഇടങ്ങളിലെ ഡ്രെയിനേജ് പ്രവൃത്തികളും പുരോഗമിക്കുന്നുണ്ട്. ഇതിന്റെ മേൽനോട്ടത്തിന് ചീഫ് എൻജിനീയർ മുതലുള്ള ഉദ്യോസ്ഥരെ ചുമതലപ്പെടുത്തി. ജില്ലയിലെ മന്ത്രിമാർ,ജില്ലാ കളക്ടർ, നഗരസഭ മേയർ,നഗരസഭ പരിധിയില എം.എൽ.എമാർ,വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥന്മാർ എന്നിവരുടെ യോഗം ചേർന്നു .ഓടകളുടെ ശുചീകരണവും റോഡുകളുടെ നിർമ്മാണവും സമയബന്ധിതമായ പൂർത്തിയാക്കാൻ നിർദ്ദേശിച്ചു.റെയിൽവേയുടെ സഹകരണവും അഭ്യർത്ഥിച്ചിട്ടുണ്ട്. സമയബന്ധിതമായി ജോലികൾ പൂർത്തിയാക്കാത്ത ഉദ്യോഗസ്ഥർക്ക് എതിരെ കർശന നടപടി സ്വീകരിക്കും.
ജില്ലയിലെ ടൂറിസം പദ്ധതികളും നിശ്ചിത സമയത്തിനകം പൂർത്തിയാക്കും. ശംഖുംമുഖ തീര സംരക്ഷണത്തിനുള്ള പഠനത്തിന് ഐ.ഐ.ടിയെ ചുമതലപ്പെടുത്തും. കടൽ ശാന്തമായാൽ ഇവിടെ തകർന്ന റോഡിന്റെ നിർമാണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നഗരസഭയിൽ നടന്ന വാർത്താസമ്മേളനത്തിൽ മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി .കെ. രാജു, സ്റ്റാൻഡിംഗ് സമിതി അദ്ധ്യക്ഷൻ ഡി. ആർ .അനിൽ എന്നിവരും പങ്കെടുത്തു. നഗരസഭയിലെ കോൾ സെന്റർ, മുണ്ടുചലഞ്ച് വേദിയും മന്ത്രി സന്ദർശിച്ചു.