vazha

നെയ്യാറ്റിൻകര: മഴക്കെടുതിയിലും കാറ്റിലും കൃഷിനാശം സംഭവിച്ച കർഷക‌ർക്ക് ധനസഹായം ലഭ്യമാക്കുന്നത് വൈകുന്നതായി പരാതി. നെയ്യാറ്റിൻകര നഗരസഭാ പരിധിയിലെ നൂറിലധികം വരുന്ന കർഷകരാണ് അപേക്ഷ നൽകി ധനസഹായത്തിനായി കാത്തിരിക്കുന്നത്. ആഴ്ചകൾക്ക് മുമ്പ് പെയ്ത ശക്തമായ മഴയിലും കാറ്റിലുമാണ് വ്യാപക കൃഷിനാശമുണ്ടായിത്. നെയ്യാറ്റിൻകര നഗരസഭാ പരിധിയിലെ രാമേശ്വരം, കീഴ്ക്കൊല്ല, വഴുതൂർ, ആറാലുംമൂട്, മണലൂർ തുടങ്ങിയ ഏലാകളിലെ ഏക്കർകണക്കിന് വരുന്ന കാർഷിക വിളകൾക്ക് നാശം സംഭവിച്ചു. വാഴ, മരച്ചീനി, പച്ചക്കറി ഇനങ്ങളാണ് പ്രധാനമായും നശിച്ചത്. 75ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കർഷകർ പറയുന്നു. പാട്ടത്തിനെടുത്ത ഭൂമിയിൽ കടം വാങ്ങിയും വായ്പയെടുത്തും കൃഷിയിറക്കിയ കർഷകരെല്ലാം ഇപ്പോൾ ദുരിതത്തിലായിരിക്കുകയാണ്. ധനസഹായം അനന്തമായി നീണ്ടുപോയാൽ ആത്മഹത്യയല്ലാതെ മറ്റ് പോംവഴികളൊന്നുമില്ലെന്നാണ് കർഷകർ പറയുന്നത്.