saro

പോത്തൻകോട് : മകന്റെയും ചെറുമക്കളുടെയും കൺമുന്നിൽ വീട്ടമ്മ വെട്ടേറ്റ് മരിച്ചു. വട്ടപ്പാറയ്ക്ക് സമീപം പള്ളിമുക്ക് പിണക്കത്തോൽ തടത്തരികത്ത് വീട്ടിൽ ലളിതയെന്ന സരോജം (62)​ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ പുലർച്ചെ രണ്ടിനായിരുന്നു സംഭവം. സ്ഥലവാസിയായ പ്രതി ബൈജുവിനെ (37)​ പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസ് പറയുന്നത് : ഭർത്താവ് മുരളീധരന്റെ മരണശേഷം കൂലിപ്പണിയെടുത്ത് വീട്ടിൽ തനിച്ച് കഴിഞ്ഞു വരികയായിരുന്നു സരോജം. ഇന്നലെ പുലർച്ചെ രണ്ടുമണിയോടെ സമീപത്ത് താമസിക്കുന്ന മകൻ ജോയിയുടെ വീടിന്റെ ജനൽ ഗ്ളാസ് ഉടയുന്ന ശബ്ദം കേട്ടു. ജോയിയും കുടുംബവും പുറത്തിറങ്ങി നോക്കിയപ്പോൾ ബൈജുവാണ് ഗ്ളാസ് പൊട്ടിച്ചതെന്ന് കണ്ടെത്തി. ഇതേച്ചൊല്ലി ബൈജുവും ജോയിയും തമ്മിൽ വാക്കേറ്റമായി. വഴക്കും ബഹളവും കേട്ട് സരോജം അവിടെയെത്തി. ഗ്ളാസ് പൊട്ടിച്ചതും അസമയത്ത് മകന്റെ വീട്ടിലെത്തിയതും ചോദ്യംചെയ്ത സരോജത്തിന് നേരെ ബൈജു തിരിഞ്ഞു. തർക്കത്തിനിടെ കൈവശമുണ്ടായിരുന്ന വാക്കത്തി കൊണ്ട് സരോജത്തെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു.

തലയ്ക്കും കഴുത്തിലും മുഖത്തും ആഴത്തിൽ വെട്ടേറ്റ് രക്തത്തിൽ കുളിച്ച സരോജം നിലത്ത് വീണു. വാക്കത്തിയുമായി ഭീഷണിമുഴക്കി ബൈജു അവിടെ നിലയുറപ്പിച്ചതോടെ നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സംഘം സ്ഥലത്തെത്തും മുമ്പേ വാക്കത്തിയുമായി ഇരുളിൽ മറഞ്ഞ ബൈജു കുറച്ചകലെയുള്ള റോഡിൽ കുഴഞ്ഞുവീണു. അതിനിടെ വിവരമറിഞ്ഞെത്തിയ ബൈജുവിന്റെ വീട്ടുകാർ ഇയാളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.

പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ജോയിയുടെ വീടിന് മുന്നിലെ സിറ്റൗട്ടിനരികിൽ മരിച്ചനിലയിലായിരുന്നു സരോജം. തുടർന്ന് ബൈജുവിനെ വീട്ടിൽ നിന്ന് പൊലീസ് പിടികൂടി. കൂലിപ്പണിക്കാരനായ ബൈജു മദ്യത്തിനും കഞ്ചാവിനും അടിമയാണ്. രണ്ട് ദിവസമായി മനോനില തകരാറിലായ അവസ്ഥയിലായിരുന്നു ഇയാളുടെ പെരുമാറ്റമെന്ന് നാട്ടുകാർ പൊലീസിനേട് പറഞ്ഞു.

കഴിഞ്ഞദിവസം പ്രദേശത്തെ മരത്തിൽക്കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും രാത്രിയിൽ ഇറങ്ങിനടക്കുന്ന പ്രകൃതക്കാരനാണ് ഇയാളെന്നും നാട്ടുകാർ പറയുന്നു. സംഭവസ്ഥലം സന്ദർശിച്ച എസ്.പി പി.കെ. മധുവിന്റെ നേതൃത്വത്തിൽ ബൈജുവിനെ ഇന്നലെ വിശദമായി ചോദ്യം ചെയ്തു. പരസ്പര വിരുദ്ധമായാണ് ഇയാൾ പ്രതികരിക്കുന്നത്.

സരോജത്തിന്റെ മൃതദേഹം ഇന്നലെ രാവിലെ ഫോറൻസിക് വിദഗ്ദ്ധരുടെ തെളിവെടുപ്പിനും പരിശോധനയ്ക്കും ശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മറ്റു മക്കൾ: ലത, ജോസ് പ്രകാശ്.

ബൈജുവിനെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി.