jun22a

ആറ്റിങ്ങൽ: നഗരസഭയും സുഭിക്ഷകേരളം കർഷക സമിതിയും സംയുക്തമായി കൊല്ലമ്പുഴ ഏലായിൽ കൃഷിയിറക്കി. തുടർച്ചയായി രണ്ടാം തവണയാണ് ഇവിടെ കൃഷിയിറക്കുന്നത്. 12 ഏക്കർ വരുന്ന പാടശേഖരത്തിൽ നെൽ ഉമ ഇനത്തിൽപ്പെട്ട അത്യുൽപ്പാദന ശേഷയുള്ള വിത്ത് മുളപ്പിച്ചെടുത്താണ് ഞാറ് നട്ടത്. ഒ.എസ്. അംബിക എം.എൽ.എ ഞാറുനടീൽ ഉത്സവം ഉദ്ഘാടനം ചെയ്തു.

വിത്തിന് പുറമെ കൃഷിക്കാവശ്യമായ കുമ്മായം, ജൈവവളം എന്നിവ കൃഷിഭവനിൽ നിന്നും നൽകി. കൂടാതെ പണിക്കൂലിയുടെ ഒരു വിഹിതം ധനസഹായമായി നഗരസഭ കൃഷിഭവനിലൂടെ കർഷകർക്ക് ലഭ്യമാക്കി. വിളവെടുപ്പിലൂടെ ലഭിക്കുന്ന നെല്ല് സിവിൽ സപ്ലെകോ മുഖേന കിലോയ്ക്ക് 28 രൂപ നിരക്കിൽ നൽകാനാണ് പദ്ധതി. കാൽ നൂറ്റാണ്ടിലേറെയായി തരിശ് കിടന്ന ഈ ഏലായിൽ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കഴിഞ്ഞവർഷം കൃഷിയിറക്കി നൂറ് മേനി വിളവെടുത്തിരുന്നു. ഇത്തവണയും കൃഷിഭവൻ മുഖേന വിത്ത് വിതരണം ചെയ്ത 6 പാടശേഖരങ്ങളിലും വരും ദിവസങ്ങളിൽ വിത്ത് വിതയ്ക്കുമെന്നും പട്ടണത്തിലെ തരിശ് ഭൂമികൾ ഏറ്റെടുത്ത് കൂടുതൽ കൃഷി മെച്ചപ്പെടുത്തുമെന്നും ചെയർപേഴ്സൺ അഡ്വ. എസ്.കുമാരി പറഞ്ഞു.

വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ എസ്.ഷീജ, ഗിരിജ, കൗൺസിലർ എസ്.സുഖിൽ, ഉണ്ണികൃഷ്ണൻ, കൃഷി അസി. ഡയറക്ടർ എ.നൗഷാദ്, കൃഷി ഓഫീസർ വി.എൽ.പ്രഭ, കർഷകസമിതി കൺവീനർ സി.ദേവരാജൻ, രക്ഷാധികാരി ആർ.രാമു, സെക്രട്ടറി സന്തോഷ്, പ്രസിഡന്റ് രാജേന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു.