തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ ഫയലുകളെ അതിവേഗം ചലിപ്പിക്കാനുള്ള പദ്ധതി ഒരുങ്ങുന്നു. ഇതിനായി ഒരു ഫയൽ എല്ലാ ഉദ്യോഗസ്ഥരും കാണണമെന്ന വ്യവസ്ഥ മാറ്റും. ഇതിന്റെ പ്രായോഗികവശങ്ങൾ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിശോധിക്കുകയാണ്. മൂന്ന് ഉദ്യോഗസ്ഥർ ഒരു ഫയൽ തീർപ്പാക്കുന്ന രീതിയാണ് വേണ്ടതെന്നാണ് നിർദ്ദേശം.
നിലവിൽ അസിസ്റ്റന്റ്, സെക്ഷൻ ഓഫീസർ, അണ്ടർ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡിഷണൽ സെക്രട്ടറി, സെക്രട്ടറി, മന്ത്രി എന്ന രീതിയിലാണ് ഫയൽ നീങ്ങുന്നത്. പ്രധാന ഫയലുകൾ മാത്രമേ സെക്രട്ടറി നോക്കാറുള്ളൂ. പ്രത്യേക ഫയലുകൾ മാത്രം മന്ത്രിയുടെ മുന്നിലെത്തും.
സെക്ഷൻ ഓഫീസർ നോക്കിക്കഴിഞ്ഞ്, രണ്ട് തലങ്ങളിലെ ഉദ്യോഗസ്ഥർ നോക്കി തീർപ്പാക്കുന്ന രീതിയിലാണ് പുതിയ ഫയൽനീക്കം വരുന്നത്. ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡിഷണൽ സെക്രട്ടറി എന്നിവരിൽ ഏതെങ്കിലുമൊരു ഉദ്യോഗസ്ഥൻ ഒരു ഫയൽ അവസാനം നോക്കിയാൽ മതി. ഇതിലൂടെ മൂന്ന് ഉദ്യോഗസ്ഥർക്ക് ഒരേസമയം മൂന്ന് വ്യത്യസ്ത ഫയലുകളിൽ തീർപ്പാക്കാനാകും. ഇ-ഫയൽ സംവിധാനം നിലവിലുണ്ടെങ്കിലും മാന്വലിൽ മാറ്റം വരുത്തിയിട്ടില്ല.
ഗുണങ്ങൾ പലത്
സെക്രട്ടേറിയറ്റിൽ 500 സെക്ഷനുകളിലായി കെട്ടിക്കിടക്കുന്നത്- ഒരു ലക്ഷത്തിലധികം ഫയൽ
പുതിയ പദ്ധതിയിൽ ഉദ്യോഗസ്ഥൻ ഒരു ഫയൽ എത്രദിവസം കൈയിൽ വച്ചെന്ന് പരിശോധിക്കും
ഒരുകാരണവുമില്ലാതെ ഫയലുകൾ വൈകിപ്പിച്ചാൽ വിശദീകരണം നൽകണം
അസിസ്റ്റന്റിന് അഞ്ച്ദിവസവും ഓരോ ഉദ്യോഗസ്ഥനും മൂന്ന് ദിവസവും ഫയൽ കൈയിൽ വയ്ക്കാമെന്ന് സെക്രട്ടേറിയറ്റ് മാന്വലിലുണ്ട്.