തിരുവനന്തപുരം: എട്ടു പതിറ്റാണ്ടു നീണ്ട സംഗീത സപര്യയിലൂടെ ആസ്വാദക ഹൃദയം കീഴടക്കിയ പ്രശസ്ത കർണാടക സംഗീതജ്ഞ പാറശാല ബി.പൊന്നമ്മാൾ വിടവാങ്ങി. 96 വയസായിരുന്നു. 2017ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു.
വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരം വലിയശാലയിലെ അഗ്രഹാരത്തിൽ (ടി.സി 38/371) ഇന്നലെ ഉച്ചയ്ക്ക് 1.10 നായിരുന്നു അന്ത്യം. സംസ്കാരം ഇന്നുരാവിലെ 10ന് ഒൗദ്യോഗിക ബഹുമതിയോടെ തൈക്കാട് ശാന്തി കവാടത്തിന് എതിർവശത്തെ ബ്രാഹ്മണ സമുദായം ശ്മശാനത്തിൽ.
തെങ്കാശി സ്വദേശി പരേതനായ ദേവനായകം അയ്യരാണ് ഭർത്താവ്. മഹാദേവൻ (റിട്ട.ബി.എസ്.എൻ.എൽ), പരേതയായ ഡി.കമല (പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്), ഡി.രാമസ്വാമി, ഡി.സുബ്രഹ്മണ്യം (റിട്ട. റിസർവ് ബാങ്ക്), പരേതയായ ഡി. ലളിത എന്നിവരാണ് മക്കൾ. മരുമക്കൾ: പത്മ, പ്രഭ, മരഗതം.
പാറശാല ഗ്രാമത്തിലെ സ്കൂളിൽ പ്രധാന അദ്ധ്യാപകനായിരുന്ന മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകളായി 1924 നവംബറിലാണ് ജനിച്ചത്. പിതാവിന്റെ ജോലിയുമായി ബന്ധപ്പെട്ട് താമസിച്ച അടൂരിലും പിന്നീട് പാറശാലയിലുമായിയിരുന്നു സ്കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത കോളേജിൽ (അന്ന് സംഗീത അക്കാഡമി) നിന്ന് സംഗീതത്തിൽ ബിരുദം. അവിടത്തെ ആദ്യത്തെ സംഗീത വിദ്യാർത്ഥിനിയായിരുന്ന പൊന്നമ്മാൾ ആദ്യത്തെ വനിതാ പ്രിൻസിപ്പലുമായി. 1952ലാണ് സംഗീത കോളേജിൽ അദ്ധ്യാപികയാകുന്നത്. തൃപ്പൂണിത്തുറ ആർ.എൽ.വി മ്യൂസിക് ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫൈൻ ആർട്സ് പ്രിൻസിപ്പലായി 1980ൽ വിരമിച്ചു.
പ്രമുഖ സംഗീതജ്ഞരായ നെയ്യാറ്റിൻകര വാസുദേവൻ, പാലാ സി.കെ. രാമചന്ദ്രൻ, ഡോ. കെ.ഓമനക്കുട്ടി, കുമാരകേരളവർമ, എം.ജി.രാധാകൃഷ്ണൻ, കെ.പി.എ.സി രവി, പൂവരണി കെ.വി.പി നമ്പൂതിരി തുടങ്ങിയവർ ശിഷ്യരായിരുന്നു. കേരളത്തിലും തമിഴ്നാട്ടിലും നടത്തിയ കച്ചേരികൾക്ക് ആയിരങ്ങളാണ് ആസ്വാദകരായി എത്തിയിരുന്നത്. ത്യാഗരാജ ഭാഗവതരുടെയും സ്വാതി തിരുനാളിന്റെയും കൃതികൾക്കൊപ്പം പ്രസിദ്ധമായ തമിഴ്കൃതികളും കച്ചേരികളിൽ പാടിയിരുന്നു. ഗുരുവായൂർ പുരേശ സുപ്രഭാതം, തൃശ്ശിവ പുരേശ സുപ്രഭാതം, ഉത്സവ പ്രബന്ധം, നവരാത്രി കൃതി, മീനാംബിക സ്‌തോത്രം, ഇരയിമ്മൻ തമ്പിയുടെയും കെ.സി.കേശവപിള്ളയുടെയും കൃതികൾ തുടങ്ങിയവയുടെ അനശ്വരങ്ങളായ സംഗീതാവിഷ്‌കാരങ്ങളും പൊന്നമ്മാൾ സംഗീതപ്രേമികളിലെത്തിച്ചു.