
മുടപുരം: അഴൂർ പഞ്ചായത്തിലെ മുട്ടപ്പലം കയർവ്യവസായസഹകരണസംഘത്തിലെ തൊഴിലാളിയായ കോളച്ചിറ സ്വദേശി സാമന്തിക (30) എന്ന യുവതിയുടെ കൈപ്പത്തി ചകിരി പിന്നുന്ന യന്ത്രത്തിൽ കുടുങ്ങി.
ഇന്നലെ രണ്ടുമണി കഴിഞ്ഞാണ് സംഭവം. ഫയർഫോഴ്സിനെ അറിയിച്ചതിനെ തുടർന്ന് ഗ്രേഡ് എ.എസ്.ടി.ഒ രാജേന്ദ്രൻ നായരുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ ആറ്റിങ്ങൾ അഗ്നിരക്ഷാ നിലയത്തിലെ സേനാംഗങ്ങളായ ഷിജാം, ശ്രീരൂപ്, സന്തോഷ് കുമാർ, മനു, അഷ്റഫ്, അനിൽകുമാർ എന്നിവർ ചേർന്ന് ഹൈഡ്രോളിക് കട്ടർ സ്പ്രെഡർ എന്നിവ ഉപയോഗിച്ച് യന്ത്രത്തിൽ കുടുങ്ങി ഗുരുതരാവസ്ഥയിലായ കൈപ്പത്തി സുരക്ഷിതമായി വിടുവിച്ച് അവരെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചു. അപകടാവസ്ഥയിലാകുമായിരുന്ന യുവതിയെ ഫയർഫോഴ്സിന്റെ തക്ക സമയത്തുള്ള ഇടപെടൽ കൊണ്ട് രക്ഷിക്കാനായി. യുവതിയുടെ കൈയ്ക്ക് ഗുരുതരമായ പരിക്കുണ്ട്. ഇവിടെ ഉണ്ടാകുന്ന രണ്ടാമത്തെ അപകടമാണ്. കഴിഞ്ഞ ജനുവരിയിൽ യന്ത്രത്തിൽ ഷാൾ കുരുങ്ങി ഒരു സ്ത്രീ മരിച്ചിരുന്നു.