നാഗർകോവിൽ: കന്യാകുമാരിയിൽ മുൻവൈരാഗ്യത്തിന്റെ പേരിൽ മുൻ പൊലീസ് ഉദ്യോഗസ്ഥനെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ. രാജാക്കമംഗലം, പൂവൻ കുടിയിരിപ്പ് സ്വദേശി രഞ്ജിത്ത് (34)ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. നാഗർകോവിൽ, അമ്മൻകോവിൽ തെരുവ് സ്വദേശികളായ വേൽമുരുഗൻ - ശ്രീമതി ദമ്പതികളുടെ മകനായ ശ്രീശരവണനാണ് (32) കൊല്ലപ്പെട്ടത്.
മണിമുത്താർ പൊലീസ് ക്യാമ്പിൽ കോൺസ്റ്റബിളായി ജോലി നോക്കുകയായിരുന്ന ശരവണനെ കഴിഞ്ഞ ഒരുവർഷമായി അച്ചടക്കനടപടിയെത്തുടർന്ന് സർവീസിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.
ശരവണന്റെ വീടിന് സമീപത്ത് രണ്ട് വർഷങ്ങൾക്ക് മുമ്പാണ് രഞ്ജിത്ത് താമസത്തിനെത്തിയത്. അതിനിടെ അടുത്ത വീട്ടിലെ സ്ത്രീയെ രഞ്ജിത്ത് ഉപദ്രവിക്കാൻ ശ്രമിച്ചു. തുടർന്ന് ശരവണൻ രഞ്ജിത്തിനെ പിടികൂടി കോട്ടാർ പൊലീസിൽ ഏൽപിച്ചു. രഞ്ജിത്തിനെതിരെ കോട്ടാർ പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കഴിഞ്ഞദിവസം വൈകിട്ട് ശരവണൻ വീട്ടിൽ നിന്ന് കടയിലേക്ക് പോകുമ്പോൾ ഒളിച്ചിരുന്ന രഞ്ജിത്ത് കത്തികൊണ്ട് കുത്തുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാർ ശരവണനെ നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ജില്ലാ പൊലീസ് മേധാവി ബദ്രി നാരായണന്റെ നിർദ്ദേശപ്രകാരം കോട്ടാർ ഇൻസ്‌പെക്ടർ കിംഗ്സ്‌ലി ദേവാനന്ദിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ ടീം രൂപീകരിച്ചാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
സുജാതയാണ് ശരവണന്റെ ഭാര്യ. മക്കൾ: ശ്രീവേൽ (11), ശ്രീത (10).