1

പൂവാർ: തീരദേശത്തെ കരുംകുളം ഗ്രാമപഞ്ചായത്തിലെ കിടപ്പ് രോഗികൾക്കും വയോവൃദ്ധർക്കും വീട്ടിലെത്തി വാക്സിൻ നൽകുന്ന പ്രവർത്തനത്തിന് തുടക്കമായി. ഒന്നാം വാർഡ് സി.എച്ച്.സി പുല്ലുവിള എഫ്. ആർ. മൻസിലിൽ കിടപ്പ് രോഗിയായ നൂറുദ്ദീന് (82) ആദ്യ വാക്സിൻ നൽകി. അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൻമോഹൻ, കരുംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ചിഞ്ചു എന്നിവർ ചേർന്ന് വാക്സിൻ നൽകുന്നതിന്റെ പഞ്ചായത്തുതല ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ വിഷ്ണു പ്രശാന്ത്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫെസ്റ്റിൻ, പുല്ലുവിള ഹെൽത്ത് സൂപ്രൻഡന്റ് മുരളീധരൻ നായർ തുടങ്ങിയവർ പങ്കെടുത്തു. 18 വാർഡുകളിലായി 300 ഓളം കിടപ്പ് രോഗികൾ ഉണ്ടെന്നാണ് കണക്ക്. ആരോഗ്യ പ്രവർത്തകർ രണ്ട് ടീമുകളായി വീടുകളിലെത്തി വാക്സിൻ നൽകാനാണ് പദ്ധതി.

ഫോട്ടോ: കരുംകുളം ഗ്രാമപഞ്ചായത്തിലെ കിടപ്പ് രോഗികൾക്കുള്ള വാക്സിൻ വിതരണ ഉദ്ഘാടനം അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മൻമോഹൻ, കരുംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ചിഞ്ചു എന്നിവർ ചേർന്ന് ആദ്യ ഡോസ് വാക്സിൻ സ്റ്റാഫ് നഴ്സിന് കൈമാറി നിർവഹിക്കുന്നു.