തിരുവനന്തപുരം: ഇവിടെ വന്ന് പോകുമ്പോൾ അത് മരണത്തിലേക്കായിരുന്നുവെന്ന് അറിഞ്ഞിരുന്നില്ല, അവൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല... അവൾക്കതിന് ആവില്ല. ഹൃദയം നുറുങ്ങുന്ന വേദനയിൽ അശോകൻ പറഞ്ഞു. ഏക മകളായതിനാൽ അശോകൻ അർച്ചനയുടെ ഇഷ്ടങ്ങൾക്കെല്ലാം പച്ചക്കൊടി കാട്ടിയിരുന്നു.

അതുകൊണ്ടാണ് മറ്റൊരു സമുദായത്തിൽപ്പെട്ട സുരേഷുമായുള്ള മകളുടെ പ്രണയവും ആ അച്ഛൻ അംഗീകരിച്ചത്. സ്‌കൂൾ കാലം മുതലുള്ള പ്രണയം വിവാഹത്തിലെത്തിയത് 2020 മേയ് 22നായിരുന്നു. കുറച്ചുകാലം പ്രശ്നങ്ങളൊന്നമില്ലാതെ ഇരുവരും സുരേഷിന്റെ കട്ടച്ചൽക്കുഴിയിലെ വീട്ടിലായിരുന്നു താമസം. സുരേഷിന്റെ വീട്ടുകാർ മൂന്ന് ലക്ഷം രൂപ ആവശ്യപ്പെട്ട് വെങ്ങാനൂരിലെ അർച്ചനയുടെ വീട്ടിലെത്തിയതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്.

തുടർന്ന് അർച്ചന ഭർത്താവിനൊപ്പം പിതാവ് അശോകന്റെ സഹായത്താൽ വീട് വാടകയ്‌ക്കെടുത്ത് അവിടേക്ക് മാറുകയായിരുന്നു. ഇവിടെ വേണ്ട വീട്ടുസാധനങ്ങളടക്കം പിതാവാണ് വാങ്ങി നൽകിയത്. വാടക നൽകിയിരുന്നതും എല്ലാ മാസവും 2500 രൂപയ്‌ക്കുള്ള പലവ്യഞ്ജന സാധനങ്ങൾ എത്തിച്ചതും മകളുടെ ഭാവിയെ ഓ‌ർത്തായിരുന്നു.

എട്ടു വർഷം മുമ്പുണ്ടായ അപകടത്തിൽ നട്ടെല്ലിന് പരിക്കേറ്റ അശോകൻ ചില്ലറ ജോലികൾ ചെയ്‌തായിരുന്നു കുടുംബം പുലർത്തിയിരുന്നത്. സഹോദരിയും സഹായിക്കുമായിരുന്നു. മകൾ ഇഷ്ടം വീട്ടിലറിയിച്ചപ്പോൾ എതിർത്തില്ല, കടംവാങ്ങിയും അന്നുവരെ സ്വരുക്കൂട്ടിയ തുകയും ചേർത്തുവച്ച് 18 പവനോളം സ്വർണമിട്ടാണ് അർച്ചനയെ സുരേഷിന്റെ കൈകളിലേല്പിച്ചതെന്ന് അശോകൻ പറഞ്ഞു. വിവാഹത്തിന് ശേഷം സുരേഷിന്റെ വീട്ടുകാർ പണം ആവശ്യപ്പെട്ടതോടെ നിർദ്ധന കുടുംബം പ്രതിസന്ധിയിലായി. നൽകാനാവില്ലെന്ന് പറഞ്ഞതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്.

തിങ്കളാഴ്ച രാത്രി വീട്ടിൽ നിന്ന് സന്തോഷത്തോടെ പോയ മകൾ വീടെത്തിയപ്പോൾ വിളിച്ചിരുന്നു. പിന്നെ 12ഓടെ അവിടന്ന് വിളിക്കുന്നത് പൊലീസുകാരാണ്. ആദ്യം വീട്ടിലേക്ക് എത്താൻ പറഞ്ഞ അവർ പിന്നീട് ആശുപത്രിയിലെത്തിയാൽ മതിയെന്ന് പറഞ്ഞു. വഴക്കിൽ എന്തെങ്കിലും പരിക്ക് ഉണ്ടായതാകാമെന്ന് കരുതിയാണ് ഭാര്യയെയും ബന്ധുക്കളെയും ഒപ്പം കൂട്ടി സർക്കാർ ആശുപത്രിയിലെത്തിയത്. അവിടെ ഒരു കത്തിക്കരിഞ്ഞ മൃതദേഹം കിടക്കുന്നത് കണ്ടിരുന്നു. അതൊരിക്കലും തന്റെ മകളായിരിക്കുമെന്ന് കരുതിയില്ല. പൊലീസിനെ വിളിച്ച ശേഷം നഴ്സുമാർ അത് തന്റെ പൊന്നുമോൾ തന്നെയാണെന്ന് പറഞ്ഞപ്പോൾ നെഞ്ചുപൊട്ടി...കരഞ്ഞു തളർന്ന അശോകൻ പറഞ്ഞു.

അവൻ അവളെ

ജോലിക്കും വീട്ടില്ല

ജനറൽ നഴ്സിംഗ് പഠിച്ച അർച്ചനയെ ഭർത്താവ് ജോലിക്കുപോകാൻ അനുവദിച്ചിരുന്നില്ലെന്ന് ബന്ധുക്കളും പറഞ്ഞു. അവൻ പതിവായി ജോലിക്ക് പോകാറില്ല, അവളെയും പോകാൻ അനുവദിക്കില്ല. മദ്യപാനം അടക്കമുള്ള ലഹരി ഉപയോഗവുമുണ്ട്. വിവാഹം കഴിഞ്ഞ് ഒരു വർഷമായിട്ടും ഇവർക്ക് കുഞ്ഞുങ്ങളില്ലായിരുന്നു. അർച്ചനയുമായി പലപ്പോഴും വഴക്കുണ്ടാക്കിയിരുന്ന സുരേഷ് വീട്ടിൽ വരാതെ സുഹൃത്തുക്കളുടെ വീട്ടിൽ കഴിയുന്നതും പതിവായിരുന്നു.

അ‌ർച്ചനയെ മർദ്ദിക്കാറുണ്ടായിരുന്നെങ്കിലും അവൾ ഇതൊന്നും പുറത്തുപറഞ്ഞിരുന്നില്ലെന്ന് ബന്ധു അനിൽകുമാർ പറഞ്ഞു. 8.30 മുതൽ 11 വരെയുള്ള സമയത്ത് അവിടെ സംഭവിച്ച കാര്യങ്ങളിൽ ദുരൂഹതയുണ്ട്. എന്താണെന്ന് കൃത്യമായി പുറത്തുവരണം. സുരേഷ് അറിയാതെ അവൾക്കൊന്നും സംഭവിക്കില്ലെന്നും ബന്ധുക്കൾ പറഞ്ഞു.