പാറശാല: അമിതമായി മദ്യപിച്ചശേഷം പാറശാല താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ആളെ പൊലീസ് പിടികൂടി. പാറശാല ആശുപത്രി ജംഗ്‌ഷന് സമീപം തേരിവിള വീട്ടിൽ ഷിബി ഷഹാബുദീൻ (29) ആണ് പിടിയിലായത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിക്ക് അത്യാഹിത വിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വിനോ വിവേകിനെയാണ് മദ്യപിച്ചെത്തിയ യുവാവ് അസഭ്യങ്ങൾ വിളിച്ച് കൈയേറ്റം ചെയ്യാൻ ശ്രമിച്ചത്.
ഒ.പി ടിക്കറ്റ് എടുത്തശേഷം സെക്യൂരിറ്റിയുടെ നിർദേശങ്ങൾ അനുസരിക്കാതെ അകത്ത് കടന്ന ആൾ ഡോക്ടറെയും മറ്റ് നഴ്സ്മുമാരെയും അസഭ്യം പറഞ്ഞ് കൈയേറ്റത്തിന് ശ്രമിക്കുകയും ആശുപത്രിയിലെ ഉപകരണങ്ങൾ നശിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ആശുപത്രിയിലെ ജീവനക്കാർ ചേർന്ന് ഇയാളെ കീഴ്പ്പെടുത്തിയ ശേഷം വിവരം പാറശാല പൊലീസിനെ അറിയിക്കുകയായിരുന്നു.
ഇയാൾ നാലാമത്തെ തവണയാണ് ഇത്തരത്തിൽ ആശുപത്രിയിലെത്തി അതിക്രമങ്ങൾ കാട്ടുന്നതെന്ന് ആശുപത്രി അധികൃതർ പറയുന്നു. ഇയാൾ മാനസിക രോഗത്തിന് ചികിത്സ തേടിയിരുന്നതായും കൂടുതൽ മദ്യപിച്ചതാണ് സംഭവങ്ങൾക്ക് കാരണമായതെന്നും ഡോക്ടർമാർ പറയുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് മാനസിക ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പറഞ്ഞ് വിടുകയായിരുന്നു. പാറശാല ഇലങ്കം ക്ഷേത്രം വക പാറശാല ബ്ലോക്ക് ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന കാണിക്ക വഞ്ചിയിൽ നിന്ന് നാണയങ്ങളും മറ്റും കൈക്കലാക്കാൻ ശ്രമിച്ചതിനെതിരെ ഇയാൾക്കെതിരെ പാറശാല സബ് ഗ്രൂപ്പ് ഓഫീസറും പാറശാല സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
ക്യാപ്ഷൻ: അമിതമായി മദ്യപിച്ച ശേഷം പാറശാല താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ആളെ ആശുപത്രിയിലെ ജീവനക്കാർ ചേർന്ന് കീഴ്പ്പെടുത്തിയപ്പോൾ