pinarayi-vijayan

തിരുവനന്തപുരം: പൗരത്വ രജിസ്റ്റർ കേരളത്തിൽ നടപ്പാക്കില്ല എന്ന് പറഞ്ഞിടത്ത് തന്നെയാണ് സർക്കാർ നിൽക്കുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇക്കാര്യത്തിൽ നേരത്തേ തന്നെ നിലപാട് വ്യക്തമാക്കിയതാണ്. എന്നാൽ, കേന്ദ്ര ആഭ്യന്തരമന്ത്രി ഒരു ഘട്ടത്തിൽ ഇത് നടപ്പാക്കാൻ പോകുന്നുവെന്ന് പ്രഖ്യാപിച്ചു. ചിലേടത്ത് നടപ്പാക്കുന്ന ഘട്ടം പോലും വന്നു. കേരളം അപ്പോഴെല്ലാം നടപ്പാക്കാൻ പോകുന്നില്ലെന്ന് തന്നെയാണ് പറഞ്ഞിട്ടുള്ളത്. ഇപ്പോൾ അതുസംബന്ധിച്ച് പുതുതായി ഏതെങ്കിലും നിർദ്ദേശം വന്നതായി അറിയില്ല.

മരം കൊള്ള വിവാദത്തിൽ യു.ഡി.എഫ് സംസ്ഥാനവ്യാപക സമരത്തിലേക്ക് പോകുന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ അതൊരു മോഹത്തിന്റെ ഭാഗമായി ചിലരൊക്കെ തുടങ്ങിയെന്ന് വരുമെന്നായിരുന്നു മറുപടി. ശക്തമായ നടപടിയുമായി സർക്കാർ മുന്നോട്ട് പോവുകയാണ്. അതിൽ നേരത്തേ പറഞ്ഞതു പോലെ ഉപ്പുതിന്നവരാരായാലും വെള്ളം കുടിക്കും.

ഗുരുവായൂർ ടെമ്പിൾ പൊലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിന് ഡി.ജി.പിയടക്കമുള്ള പൊലീസുദ്യോഗസ്ഥർ സാമൂഹ്യാകലം പാലിച്ചാണ് നിന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.