കഴക്കൂട്ടം: കഠിനംകുളം കായൽ വൻതോതിൽ കൈയേറുന്നതായി പരാതി. കായൽ നികത്താനായി മണലുമായി എത്തിയ നാല് ഡിപ്പർ ലോറികൾ കഠിനംകുളം പൊലീസ് കസ്റ്റഡിയിലെടുത്തു.
കഠിനംകുളം ചേരമാൻതുരുത്ത് തോപ്പിനോട് ചേർന്നുള്ള കായലാണ് മാസങ്ങളായി സ്വകാര്യ വ്യക്തി നിർമ്മാണം നടത്തുന്നതിനായി കൈയേറിയത്. ഇതിനകം തന്നെ 60 സെന്റോളം കായൽ കൈയേറി നികത്തിയതായി നാട്ടുകാർ പറയുന്നു.
കായൽ കൈയേറ്റം തുടങ്ങിയ നാൾമുതൽ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചിട്ട് യാതൊരു നടപടിയുമുണ്ടായില്ല. ഇന്ന് രാവിലെ മണലുമായി എത്തിയ ലോറികൾ നാട്ടുകാർ തടഞ്ഞതോടെ കഠിനംകുളം പൊലീസും റവന്യൂ അധികൃതരും സ്ഥലത്തെത്തി വാഹനങ്ങൾ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കായൽ കൈയേറിയത് ബോദ്ധ്യപ്പെട്ടതായി കഠിനംകുളം എസ്.ഐ ദീപു പറഞ്ഞു. തുടർനടപടി സ്വീകരിക്കുന്നതിനായി കഠിനംകുളം വില്ലേജ് ഓഫീസർ മേരിസുജ ബന്ധപ്പെട്ട വിഭാഗത്തിന് ഇന്ന് റിപ്പോർട്ട് നൽകും. കോർപ്പറേഷൻ മാലിന്യം ഉൾപ്പെടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്രും പലയിടങ്ങളിൽ നിന്നായി ലോറികളിൽ എത്തിച്ചാണ് കായൽ നികത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ചേരമാൻതുരുത്ത് പി.എസ്.എ.സി സംസ്കാരിക സംഘടനയും, ജമാഅത്ത് കമ്മിറ്റിയും കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർക്ക് പരാതി നൽകാനുള്ള തയ്യാറെടുപ്പിലാണ്.