പാറശാല: പ്രശസ്ത കർണാടക സംഗീതജ്ഞ പാറശാല പൊന്നമ്മാൾ പാറശാലയ്ക്ക് എന്നും അഭിമാനമായിരുന്നു. പാറശാല ശ്രീ മഹാദേവർ ക്ഷേത്രത്തിന് സമീപത്തുള്ള ദളവാപുരം ഗ്രാമത്തിലാണ് ജനിച്ചത്. പാറശാലയിലാണ് പൊന്നമ്മാൾ ബാല്യകാല വിദ്യാഭ്യാസം നടത്തിയത്. പാറശാലയിൽ നിന്നുള്ള രണ്ട് പേരാണ് സ്വാതി തിരുനാൾ സംഗീത അക്കാഡമിയിൽ പ്രവേശനം നേടിയത്.
പൊന്നമ്മാൾക്ക് പുറമേ ദളവാപുരം ഗ്രാമത്തിൽ തന്നെ താമസിച്ചിരുന്ന വിശ്വനാഥ അയ്യരും. പൊന്നമ്മാൾ ഗാന പ്രവീണയും പിന്നീട് ഗാനഭൂഷണും ഒന്നാം റാങ്കോടെ പാസായതിന് ശേഷം തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് സ്കൂളിൽ സംഗീതാദ്ധ്യാപികയായും തുടർന്ന് സ്വാതി തിരുനാൾ സംഗീത അക്കാഡമിയിൽ ലക്ചററായും പ്രൊഫസറായും സേവനമനുഷ്ഠിച്ചു.
വിശ്വനാഥ അയ്യർ സംഗീത വിദ്യാഭ്യാസത്തെ തുടർന്ന് സ്‌കൂൾ അദ്ധ്യാപകനായി തുടർന്നു. അദ്ദേഹത്തിന്റെ കാലശേഷം മകൾ ശോഭയാണ് ഇപ്പോൾ വീട്ടിൽ താമസിക്കുന്നത്. പൊന്നമ്മാൾ ആകട്ടെ ജോലിയുമായി ബന്ധപ്പെട്ട് കുടുംബസമേതം തിരുവനന്തപുരത്തേക്ക് മാറി. പാറശാല ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് പതിവായി പാറശാലയിൽ എത്താറുള്ള അവർ 2017 ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചതിനെ തുടർന്നും പാറശാല ശ്രീ മഹാദേവനെ കണ്ട് തൊഴാൻ എത്തിയിരുന്നു. ക്ഷേത്ര ഭരണസമിതി അംഗങ്ങളുടെയും പാറശാല പൗരസമിതിയുടെയും അനുമോദനങ്ങൾ ഏറ്റുവാങ്ങി അവസാനമായി പാറശാല ഗ്രാമത്തിലെത്തി ശ്രീ രാജ രാജേശ്വരി ക്ഷേത്രത്തിൽ സംഗീതക്കച്ചേരി നടത്തിയാണ് മടങ്ങിയത്.