1

തിരുവനന്തപുരം: മോഷണം പോയ ഫോൺ അന്വേഷിച്ചിറങ്ങിയ പേട്ട പൊലീസ് ചെന്നെത്തിയത് സംഭവം അറിയാതെ കടയിൽ നിന്ന് ഇതേ ഫോൺ വാങ്ങിയ വിദ്യാർത്ഥിനിയുടെ വീട്ടിൽ. ഒരുവാതിൽകോട്ട സ്വദേശിയുടെ ഫോൺ മോഷണം പോയെന്ന് പരാതി അന്വേഷിക്കാനിറങ്ങിയതായിരുന്നു പേട്ട പൊലീസ്. തുടർന്ന് പൊലീസ് സൈബർ സെല്ലിന്റെ സഹായം തേടി. സൈബർ സെല്ലിന്റെ അന്വേഷണത്തിൽ ഫോൺ പോത്തൻകോട് സ്വദേശിയായ എം.കോം വിദ്യാർത്ഥിയായ സാന്ദ്രയുടെ കൈയിലാണെന്ന് മനസിലായി. സാന്ദ്ര ഡിജിറ്റൽ പഠനത്തിന് തനിക്ക് കിട്ടിയ സഹായം ഉപയോഗിച്ച് പോത്തൻകോടുള്ള കടയിൽ നിന്ന് സെക്കൻഡ് ഹാൻഡ് വിലയ്ക്ക് വാങ്ങിയ ഫോണായിരുന്നു അത്.

ഫോൺ മോഷ്ടിച്ചയാൾ പോത്തൻകോടുള്ള കടയിൽ ആ ഫോൺ വിൽക്കുകയായിരുന്നു. ഇതറിയാതെയാണ് സാന്ദ്ര മൊബൈൽ വാങ്ങിയത്. ഫോൺ തിരികെ സ്റ്റേഷനിൽ ഹാജരാക്കണമെന്ന് പൊലീസ് പറഞ്ഞപ്പോൾ കുടുംബം ധർമ്മ സങ്കടത്തിലായി. സാന്ദ്രയുടെ പിതാവ് വികലാംഗനും കൂടിയായിരുന്നു. 26നുള്ള പരീക്ഷ ഓൺലൈനിൽ എങ്ങനെ എഴുതുമെന്ന ആശങ്കയിലായി സാന്ദ്ര. സാന്ദ്രയുടെ വിഷമം മനസിലായതിനെത്തുടർന്ന് തൊണ്ടി മുതൽ തിരികെ വാങ്ങി പുതിയ ഫോൺ വാങ്ങി നൽകാൻ പേട്ട പൊലീസ് തീരുമാനിച്ചു. പേട്ട സി.ഐ സുധിലാൽ, എ.എസ്.ഐ ഹുസൈൻ, സി.പി.ഒമാരായ അനീഷ്, വിപിൻ, ഷമി, രജനി എന്നിവരും പേട്ട സ്വദേശിയായ നിസാർ എന്നയാളുടെ സഹായത്തോടെ പുതിയ ഫോൺ വാങ്ങി സാന്ദ്രയ്ക്ക് സ്റ്റേഷനിൽ വച്ച് തന്നെ നൽകി. മൊബൈൽ ഫോൺ മോഷ്ടാവിനെ എത്രയും പെട്ടെന്ന് പിടിക്കുമെന്ന് പേട്ട സി.ഐ സുധിലാൽ സാന്ദ്രയ്ക്ക് ഉറപ്പും നൽകി.