തിരുവനന്തപുരം: 'രാത്രി 11.30 ഓടെ ഒരു നിലവിളി കേട്ടാണ് പുറത്തെത്തിയത്, കണ്ടത് ദേഹമാസകലം തീപടർന്ന് ഓടുന്ന ഒരു രൂപത്തെ. തീപൊള്ളലേറ്റ് മരിച്ച അർച്ചനയുടെ വീട്ടുവളപ്പിലെ മറ്റൊരു വാടകക്കാരനായ അജിയുടെ വാക്കുകളാണിത്.

പേടിച്ചെങ്കിലും വാതിൽ തുറന്നു... അപ്പോഴേക്കും വീട്ടുടമ സനലുമെത്തിയിരുന്നു. പിന്നെ നിമിഷങ്ങൾ പാഴാക്കാതെ പൈപ്പിൽ നിന്ന് വെള്ളമെടുത്ത് തീയണയ്ക്കാൻ ശ്രമിച്ചു. അപ്പോഴേക്കും അർച്ചന നിലത്തുവീണിരുന്നു. പിടച്ചിലുകൾ നിമിഷങ്ങൾക്കുള്ളിൽ അവസാനിച്ചു. അപ്പോഴും അർച്ചനയുടെ ഫോൺ മുറിക്കുള്ളിൽ ബെല്ലടിക്കുന്നുണ്ടായിരുന്നു. തുടർന്ന് വിഴിഞ്ഞം പൊലീസിനെ വിവരമറിയിച്ചു. അവരെത്തി അർച്ചനയുടെ വീട്ടുകാരെ വിവരം അറിയിച്ചു. കുറച്ച് നേരം കാത്ത് നിന്നെങ്കിലും എത്തിയില്ല. പിന്നാലെ മൃതദേഹം വിഴിഞ്ഞം ഗവ. ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ആറുമാസത്തോളമായി അവർ അവിടെ വാടകയ്‌ക്ക് കഴിയുകയായിരുന്നെങ്കിലും തങ്ങളുമായി വലിയ അടുപ്പമൊന്നുമുണ്ടായിരുന്നില്ല. വലിയ ബഹളവും അവിടെ നിന്ന് കേട്ടിരുന്നില്ല. പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. പൊലീസ് അന്വേഷണം നടക്കുകയല്ലേ:- അജി പറഞ്ഞു. സനലിന്റെ ഗോകുലം എന്ന വീട്ടുവളപ്പിലാണ് അജിയും കുടുംബവും അർച്ചനയും കുടുംബവും വാടകയ്‌ക്ക് താമസിക്കുന്നത്.